എരുമപ്പെട്ടി: നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവം ഇന്ന്. പുലർച്ചെ നാലിന് നടക്കുന്ന നിർമ്മാല്യ ദർശനത്തോടെയാണ് ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. 6.30 മുതൽ നാരായണീയ പാരായണം, സ്തോത്ര പഞ്ചാശിക പാരായണം, ധന്വന്തരി മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. ഏഴ് മുതൽ സംഗീതാർച്ചന ആരംഭിക്കും. 10.30 ന് സംഗീതോത്സവത്തിന് സമാപനം കുറിച്ചുള്ള പഞ്ചരത്ന കീർത്തനാലാപനം നടക്കും. 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഗോതമ്പ് ചോറ്, പുഴുക്ക്, രസകാളൻ എന്നിവയാണ് പ്രസാദ ഊട്ടിന് നൽകുന്നത്. ഉച്ചയ്ക്ക് 1.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് നാലിന് മേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ആറിന് നടയ്ക്കൽ പറ, നിറമാല, സമ്പൂർണ്ണ നെയ് വിളക്ക്, ദീപാരാധന നടക്കും. തുടർന്ന് സ്പെഷ്യൽ നാദസ്വരം, ഫ്ലൂട്ട് സാക്സഫോൺ ഫ്യൂഷൻ, ട്രഷർ ഡബിൾ തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽ പറ്റ്, പഞ്ചവാദ്യം, മേളം എന്നിവ നടക്കും.