കൊടുങ്ങല്ലൂർ: അറവ് മാലിന്യമടക്കമുള്ളവ കൊണ്ടു വന്ന് തള്ളി മലീമസമായി കൊണ്ടിരിക്കുന്ന കനോലി കനാലിന്റെ സംരക്ഷണം ഉറപ്പാക്കാൻ കൊടുങ്ങല്ലൂർ നഗരസഭ പദ്ധതി തയ്യാറാക്കുന്നു. കനോലി കനാലിന്റെ കോതപറമ്പ് മുതൽ തെക്കോട്ട് കോട്ടപ്പുറം വരെയുള്ള നഗരസഭ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെയെങ്കിലും ശുചിത്വം ഉറപ്പു വരുത്തുകയെന്നതാണ് പദ്ധതി. നിലവിൽ ദിനംപ്രതി കക്കൂസ്‌ - കോഴി മാലിന്യം, പ്ളാസ്റ്റിക് മാലിന്യം എന്നിവ ഉൾപ്പെടെ വലിച്ചെറിഞ്ഞ് മത്സ്യ സമ്പത്ത് ഉൾപ്പെടെ നശിക്കുന്ന സാഹചര്യമാണുള്ളത്. ചില സ്ഥലങ്ങളിൽ കൈയേറ്റവും ഉണ്ടായെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിൽ കനാൽ സംരക്ഷണ പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് വൈകീട്ട് 3ന് നഗരസഭാ ടൗൺ ഹാളിൽ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്. നഗരസഭാ കൗൺസിലർമാർ, വിവിധ പാർട്ടികളുടെ പ്രതിനിധികൾ, യുവജന സംഘടനകൾ, മുസ് രിസ് പ്രോജക്ട് ഉദ്യോഗസ്ഥർ, സന്നദ്ധ-പരിസ്ഥിതി സംഘടനകൾ, വ്യാപാരി-വ്യവസായി നേതാക്കൾ, മത്സ്യതൊഴിലാളി സംഘടനകൾ, സി.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു...