കൊടുങ്ങല്ലൂർ: ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ളാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച് നഗരസഭ പരിധിയിൽ വ്യാപകമായ ബോധവത്കരണം നടത്തുന്നതിന് നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണ.

വ്യാപാരി-വ്യവസായി സംഘടനകൾ, ഹോട്ടൽ - ബേക്കറി-വ്യവസായികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടനാ നേതാക്കൾ എന്നിവരുടെ യോഗമാണ് വിളിച്ചുചേർത്തത്.

എല്ലാത്തരം ക്യാരി ബാഗുകൾ, പ്ളാസ്റ്റിക് കോട്ടിംഗ് ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, തെർമോക്കോൾ, 500 മി. ലിറ്ററിന് താഴെയുള്ള പ്ളാസ്റ്റിക് പെറ്റ് ബോട്ടിലുകൾ, ജ്യൂസ് പാക്കറ്റുകൾ എന്നിവ കർശനമായി നിരോധിച്ചു. തുണിക്കടകളിൽ വസ്ത്രങ്ങൾ പൊതിഞ്ഞു വരുന്ന പ്ളാസ്റ്റിക് കവറുകൾ നിരോധിക്കുമ്പോഴുള്ള പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. നഗരത്തിലെ കടകളിലെ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നഗരസഭ ഹരിത കർമ്മ സേന വഴി സ്വീകരിക്കും. നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ പരിഗണിച്ച് ആദ്യത്തെ 15 ദിവസം ശിക്ഷാ നടപടികളിൽ ഇളവ് അനുവദിക്കുന്നതിനും യോഗത്തിൽ ധാരണയായി. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ സുജിത്, ടി.കെ ഷാജി, കെ.ജെ ശ്രീജിത്ത്, ഡോ. ഒ.ജി വിനോദ്, സി.എസ് തിലകൻ, ഡോ. ചന്ദ്രൻ പുത്തേഴത്ത്, ഹെൽത്ത് സൂപ്പർവൈസർ കെ.വി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.