തൃശൂർ: കാർഷികോത്പന്നങ്ങൾ ആകർഷകമായി പാക്ക് ചെയ്ത വിപണനം ചെയ്യാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗുമായി ധാരണയിലെത്തിയതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കർഷകർക്ക് നൽകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗിലെ ഉന്നത ഉദ്യോഗസ്ഥർ ഇവിടെയെത്തിയിരുന്നു. 15 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പാക്കേജിംഗ് സംബന്ധിച്ച അന്തിമ തീരുമാനങ്ങളുണ്ടാകും.
മറയൂർ ശർക്കര അടക്കമുള്ള ഉത്പന്നങ്ങൾ മൂല്യവർദ്ധനയോടെ വിപണനം ചെയ്യുന്നുണ്ടെങ്കിലും പാക്കേജിംഗ് ആകർഷകമല്ലാത്തത് പരിമിതിയുണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ പാക്കിംഗ് വരുന്നതോടെ വലിയ സാമ്പത്തിക ലാഭം കർഷകർക്കുണ്ടാകും.
പരമ്പരാഗത പച്ചക്കറികളെ ബ്രാൻഡ് ചെയ്യാനുള്ള നടപടിക്രമങ്ങളും തീരുമാനിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ പ്രത്യേക ഇനം കടുക് അടക്കമുള്ളവ ഇത്തരത്തിൽ ബ്രാൻഡ് ചെയ്യും. പൂക്കൃഷി സംബന്ധിച്ച് നെതർലാൻഡുമായി കരാറിൽ ഏർപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുളള പൂക്കൾ കേരളത്തിൽ തന്നെ വിളയിച്ചെടുക്കാൻ കഴിയും. എന്നാൽ തുടർച്ചയായി പൂക്കൾ കയറ്റുമതി ചെയ്യാൻ കഴിയേണ്ടതുണ്ട്. അതിനാണ് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുന്നത്.
വൈഗയിൽ ഇന്ന് കേന്ദ്രമന്ത്രി
വൈഗ മേളയിൽ ഇന്ന് കേന്ദ്രകൃഷി സഹമന്ത്രി പുരുഷാത്തം റൂപാലയെത്തും. വൈകിട്ട് മൂന്നിന് സ്റ്റാർട്ട് അപ്പ് മിഷൻ ഇനിഷ്യേറ്റീവ് എന്ന സെഷൻ മന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏഴിന് വൈഗ സമാപിക്കും. ഡോ.പി. ഇന്ദിരാദേവി, എൽ.ആർ. ആരതി, ഡോ. ജിജു പി. അലക്സ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.