തൃശൂർ: താന്ന്യം, കിഴുപ്പിള്ളിക്കര, കാട്ടൂർ മേഖല കഞ്ചാവ് മയക്കുമരുന്ന് മാഫിയയുടെ ഹബ്ബ്. മുനയത്തുള്ള മദിരാശി മരത്തിന് സമീപമാണ് ഇവരുടെ കേന്ദ്രം. ഇവിടെയുള്ള സംഘങ്ങൾക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും ഇവിടെ ഉണ്ട്. രാത്രി കാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. പ്രതികരിച്ചാൽ ഇത്തരം സംഘങ്ങളുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് നാട്ടുകാർ പരാതിപ്പെടാറില്ല. മേഖലയിൽ ഗുണ്ടാ സംഘങ്ങളും ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി താന്ന്യം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഗുണ്ടാ സംഘങ്ങൾ വ്യാപകമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. ഗുണ്ടാ പിരിവും നടക്കുന്നുണ്ട്. പെരിങ്ങോട്ടുകര, രാജവീഥി കണ്ണംചിറ, തൃപ്രയാർ കിഴക്കേനട, ചെമ്മാപ്പിള്ളി എന്നീ മേഖലകളിലും കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്.


പതിമൂന്നുപേർക്കെതിരെ ജാമ്യമില്ലാ കേസ്

പ്രദേശവാസി കല്ലയിൽ ശങ്കരന്റെ വീട് ആക്രമിച്ച പതിമൂന്ന് പേർക്കെതിരെ അന്തിക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കിഴുപ്പിള്ളിക്കര സ്വദേശികളായ നടുവത്ത് പറമ്പിൽ നിവിൻ, ഒറ്റാലി ജിഷ്ണു, വെളുത്തേടത്ത് ഉമേഷ്, താന്ന്യം സ്വദേശികളായ രൂപേഷ്, ചാഴൂർപുരയ്ക്കൽ ജാസിം, പൊന്നാംപടി ചക്കാണ്ടി രാജേഷ്, ചക്കാണ്ടി അനന്തു, കറത്തുള്ളി കളരിക്കൽ സായ് രാജ്, കാട്ടൂർ സ്വദേശികളായ മണപാട്ടിൽ ശരത്, ചക്കാണ്ടി അജിത്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം ഇന്നലെ ഗീത ഗോപി സംഭവ സ്ഥലത്ത് എത്തിയപ്പോൾ അവർക്കെതിരെ അസഭ്യമായ വാക്കുകളാണ് ചിലർ ഉപയോഗിച്ചതെന്നും പറയുന്നു.