നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശിയോട് അനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നെള്ളിപ്പ്
എരുമപ്പെട്ടി: നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവം ഭക്തി സാന്ദ്രമായി. പ്രസിദ്ധമായ സ്വർഗ്ഗവാതിൽ ഏകാദശിക്ക് ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പുലർച്ചെ നാലിന് ആരംഭിച്ച നിർമ്മാല്യദർശനത്തോടെയാണ് ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായത്. ആയുർവേദത്തിന്റെ അധിദേവനായ ശ്രീ ധന്വന്തരി മൂർത്തിയെ ദർശിക്കാനും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അട്ടയും കുഴമ്പും നടത്തുന്നതിനും ദിവ്യ ഔഷധമായ മുക്കിടി സേവിക്കുന്നതിനും നിരവധിപേർ എത്തിച്ചേർന്നു. നാരായണീയ പാരായണം, സ്തോത്ര പഞ്ചാശിക പാരായണം, ധന്വന്തരി മാഹാത്മ്യ പ്രഭാഷണം സംഗീതാർച്ചന എന്നിവ നടന്നു. തുടർന്ന് നടന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ധന്വന്തരി സംഗീതോത്സവത്തിന് സമാപനമായി. പ്രസാദ ഊട്ടിനും പതിവുപോലെ വൻ തിരക്ക് അനുഭവപ്പെട്ടു. ഗോതമ്പ് ചോറ്, പുഴുക്ക്, രസകാളൻ എന്നിവയാണ് പ്രസാദ ഊട്ടിന് നൽകിയത്. പതിനായിരത്തിലധികം പേർക്കുള്ള പ്രസാദ ഊട്ട് തയ്യാറാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി എഴുന്നെള്ളിപ്പ് നടന്നു. വൈകീട്ട് നാലിന് 9 ഗജവീരന്മാരെ അണിനിരത്തി കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. 6ന് നടയ്ക്കൽ പറ, നിറമാല, ദീപാരാധന നടന്നു . തുടർന്ന് സ്പെഷ്യൽ നാദസ്വരം, ഫ്ലൂട്ട് സാക്സഫോൺ ഫ്യൂഷൻ, ട്രഷർ ഡബിൾ തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽ പറ്റ്, പഞ്ചവാദ്യം, മേളം എന്നിവയും നടന്നു. ഇന്ന് രാവിലെ നടക്കുന്ന ദ്വാദശിപ്പണ സമർപ്പണത്തോടെ ഈ വർഷത്തെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.