തൃശൂർ : മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കർഷകന് ലഭിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തൃശൂരിൽ വൈഗ 2020ന്റെ ഭാഗമായി സംഘടിപ്പിച്ച യുവസംരംഭകത്വ ശിൽപശാലയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം കർഷകന് അവകാശപ്പെട്ടതാണെന്ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത് ചെറിയ ചുവടുവയ്പ്പാണ്. ഇത് അവകാശ ലാഭമാണ്.

ഇടനിലക്കാർ കൃഷിക്കാരനെ ചൂഷണം ചെയ്യുന്ന ഈ പണം മാറ്റിവച്ചാൽ മാത്രം മതി കർഷകന് എല്ലാ ആനുകൂല്യങ്ങളും നൽകാൻ. 30 കോടി ജനത്തെ തീറ്റിപ്പോറ്റുന്ന കൃഷിക്കാരാണ് യഥാർത്ഥ രാജ്യസേവകർ. രാജ്യത്തെ കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കണം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഉത്പന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം നമുക്ക് ലഭിക്കാനും കൃഷിക്കാരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാനുമായി അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എ.പി.എം.സി) നിയമം സംസ്ഥാനത്ത് എത്രയും വേഗം കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, കാർഷിക ഉൽപാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഹൈദരാബാദ് മാനേജിംഗ് ഡയറക്ടർ ഡോ. ശരവൺ രാജ്, സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, നബാർഡ് ഡി.ഡി.എം ദീപ പിള്ള, ശിവദാസ് ബി. മേനോൻ, നാഗരാജാ പ്രകാശം, ഡോ. കെ.പി സുധീർ എന്നിവർ സംബന്ധിച്ചു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും എൽ.ആർ. ആരതി നന്ദിയും പറഞ്ഞു.