തൃശൂർ / കിഴുപ്പിള്ളിക്കര: എക്സൈസ് പട്രോളിംഗിനിടെ ഭയന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന് ആക്ഷേപം. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപം കാരണത്ത് ആനന്ദന്റെ മകൻ അക്ഷയ് ആണ് മുങ്ങി മരിച്ചത്.കണ്ടു നിന്ന യുവാവും എക്സൈസ് ഉദ്യോഗസ്ഥരും നോക്കി നിന്നെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ അക്ഷയ് വെള്ളത്തിൽ വീണത് ശ്രദ്ധയിൽപെട്ട ഉടനെ ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവരെ വിവരം അറിയിച്ചിരുന്നതായി എക്‌സൈസ് വൃത്തങ്ങൾ പറയുന്നു.
പുഴയിൽ ചാടിയ യുവാവിന് നീന്താനറിയാമെന്ന പ്രദേശവാസിയുടെ വാക്ക് വിശ്വസിച്ചാണ് അക്ഷയിനോട് കയറി പോകാൻ പറഞ്ഞ ശേഷംഎക്സൈസ് സംഘം പിൻവാങ്ങിയതെന്നും ഇവർ പറയുന്നു. കൂടാതെ എക്‌സൈസ് സ്‌ക്വാഡിലേക്ക് പുതുതായി കൊല്ലത്തു നിന്നുമെത്തിയ ഇൻസ്‌പെക്ടർക്ക് സ്ഥലപരിചയമില്ലാത്തതും സംഘത്തിൽ പലർക്കും നീന്തൽ അറിയാത്തതും പ്രശ്നമായെന്നാണ് വിശദീകരണം. പ്രദേശത്ത് വ്യാപകമായി കഞ്ചാവ് മയക്കു മരുന്ന് കച്ചവടമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. അഞ്ചംഗ സംഘത്തിൽ രണ്ട് പേർ മഫ്തിയിലായിരുന്നു. ഓടുന്നതിനിടയിൽ അക്ഷയ് വെള്ളത്തിൽ വീണത് ആദ്യം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും പറയുന്നു. അതേസമയം വീഡിയോ പകർത്താൻ ഒപ്പമുണ്ടായിരുന്നതായി പറയുന്ന യുവാവ് തങ്ങൾക്ക് വിവരം നൽകിയിരുന്ന ആളല്ലെന്നും എക്‌സൈസ് സംഘം പറഞ്ഞു. അക്ഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.