തൃശൂർ: ഇന്ത്യയിൽ കാർഷികോൽപാദനം വർദ്ധിക്കുമ്പോഴും കൃഷിക്കാരന് ന്യായവില ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും ഇത് പരിഹരിക്കാൻ ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രസഹമന്ത്രി പർഷോത്തം ഖോദഭായ് റുപാല പറഞ്ഞു. വൈഗയുടെ ഭാഗമായി കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പ് മിഷൻ സംരംഭങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഏളുപ്പം പുറത്തിറക്കാൻ കഴിയുക. അത്തരം കമ്പനികൾക്കുളള നികുതി ഇളവുകൾ സർക്കാർ നൽകും. ബ്രാൻഡിംഗിലൂടെ കാർഷികോത്പന്നങ്ങൾക്ക് കൂടുതൽ വില നേടാൻ കഴിയും. തദ്ദേശീയ ഉത്പന്നങ്ങളെ ബ്രാൻഡിംഗ് ചെയ്യാൻ നമുക്ക് കഴിയേണ്ടതുണ്ട്. സിക്കിം ആണ് നമുക്കുളള മാതൃക. ജൈവ സംസ്ഥാനമെന്ന പ്രഖ്യാപനമാണ് സിക്കിമിനെ വ്യത്യസ്തമാക്കുന്നത്. സിക്കിം ഉത്പന്നങ്ങൾക്ക് വലിയ വിലയാണ് ലോക വിപണിയിൽ ലഭിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ കേരളത്തിന് ഇക്കാര്യത്തിൽ സിക്കിമിന്റെ മാതൃക പിന്തുടരാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കൃഷിമന്ത്രി വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈഗയുടെ ഭാഗമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്, കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങളുടെ സമഗ്ര റിപ്പോർട്ട്, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫാം ഗൈഡ്, സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, ഡോ. എൻ.കെ ശശിധരൻ എന്നിവർ സമാഹരിച്ച റൈസ് ഇൻ കേരള, ട്രെഡീഷൻ, ടെക്‌നോളജീസ്, ഐഡന്റീസ് എന്ന പുസ്തകം എന്നിവ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.
മന്ത്രി സുനിൽ കുമാർ ഏറ്റുവാങ്ങി. എസ്.എ.എം പദ്ധതി പ്രകാരം നൽകുന്ന ട്രാക്ടറിന്റെ താക്കോൽദാനം, ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ്, കാർഷിക സർവകലാശാലയുടെ കേരധാര, സ്റ്റീം പുട്ട് പൊടി എന്നിവയുടെ സാങ്കേതിക വിദ്യാകൈമാറ്റം എന്നിവയും നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ, ഡബ്ല്യൂ.ടി.ഒ സെൽ സ്‌പെഷ്യൽ ഓഫീസർ എൽ.ആർ ആരതി, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബു, കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ സംബന്ധിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ദേവന്ദ്രകുമാർ സിംഗ് സ്വാഗതവും എസ്.എ.എം ഇ.ടി.ഐ ഡയറക്ടർ ജി.എസ് ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. രാത്രി കെ.കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൂരക്കളി അരങ്ങേറി.