പുതുക്കാട്: ഞായറാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐനിക്കൽ ത്രേസ്യയുടെ മൃതദേഹം ഏറ്റുവാങ്ങാനാരുമെത്തിയില്ല. മരണാനന്തര ചടങ്ങുകൾ നടത്താൻ ഉറ്റവരും ഉടയവരുമായി ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ചെങ്ങാലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. ദുരൂഹതകൾ ബാക്കിവെച്ച ത്രേസ്യയുടെ മരണവും ഇതോടെ കൂടുതൽ ദുരൂഹമായി. വീടും പരിസരവും മൃതദേഹവും പൊലീസ് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു.
ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ടേക്കറോളം ഭുമി സ്വന്തമായുള്ള ത്രേസ്യയുടെ രണ്ട് ലക്ഷം രൂപ ചെങ്ങാലൂരിലുള്ള ഷെഡ്യൂൾഡ് ബാങ്കിന്റെ ശാഖയിൽ സ്ഥിര നിക്ഷേപം ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്നും പണമോ ആഭരണങ്ങളോ കണ്ടുകിട്ടിയിട്ടില്ല. ത്രേസ്യയെ കുറിച്ച് അയൽവാസികൾക്കാർക്കും ഒന്നുമറിയില്ല. എകദേശം 40 വർഷം മുമ്പ് ചെങ്ങാലൂരിൽ സ്ഥലം വാങ്ങി താമസമാക്കി. അക്കാലത്ത് ത്രേസ്യയോടൊപ്പം ബന്ധുവായ മറ്റൊരു സ്ത്രീയും കൂടി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ സ്ഥിരം വഴക്കായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു.
പിന്നീട് ഒരാൾ നാട്ടിലേക്ക് പോയതായാണ് നാട്ടുകാർക്ക് അറിവ്. പിന്നീട് ത്രേസ്യ തനിച്ചായി. അയൽക്കാർ ത്രേസ്യയുടെ വീട്ടിലേക്ക് നോക്കുന്നത് പോലും അവർക്ക് ഇഷ്ടമില്ലെന്നാണ് പറയുന്നത്. ആരും ഒന്നും ചോദിക്കില്ല. ത്രേസ്യ ആരോടും. പക്ഷെ ആവശ്യമില്ലാതെ ചീത്ത പറയുമെന്നാണ് നാട്ടുകാർ പറയുന്നത് . വൈദ്യുതി ഇല്ലാത്ത വീട്ടിൽ ത്രേസ്യക്ക് കൂട്ട് ആടുകളാണ്. പത്ത് വർഷം മുമ്പ് ത്രേസ്യയുടെ പറമ്പിന്റെ ഒരു വശം ചേർന്ന് പത്ത് സെന്റ് വിൽപന നടത്തിയിരുന്നു. സ്ഥലം വിറ്റ പണം എന്ത് ചെയ്തു എന്നും ആർക്കും അറിയല്ല. പഴുവിൽ നിന്നാണ് ഇവർ ഇവിടെ വന്നതെന്നാണ് നാട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ളത്. കട്ടിലിന്റെ താഴെ പൂർണ്ണ നഗ്‌നയായാണ് മൃതദേഹം കണ്ടെത്തിയത്. പിറകുവശത്തെ വാതിലിനടുത്ത് ആടിനെയും ചത്തനിലയിൽ കണ്ടെത്തി.
റേഷനും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാൻ മാത്രമാണ് അവർ പുറത്തു പോകാറ്. 74 വയസ് പ്രായമുണ്ടെങ്കിലും ഒരു ആരോഗ്യ പ്രശ്‌നവും അവർക്ക് ഉണ്ടായിരുന്നില്ല. എന്താണ് ഇവർ ചെങ്ങാലൂരിൽ വരാനുണ്ടായ സാഹചര്യം. ആരാണ് ഇവിടെ കൊണ്ടുവന്നത്. യഥാർത്ഥ സ്ഥലം എവിടെയാണ്. ഇവരുടെ ബന്ധുക്കളായി ആരുമില്ലേ? തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആരുമില്ലെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.