കൊടുങ്ങല്ലൂർ: ജെ.എൻ.യുവിൽ അരങ്ങേറിയ മുഖംമൂടി ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സി.പി.ഐയുടെയും എസ്.എഫ്.ഐയുടെയും വെവ്വേറെ പ്രതിഷേധ പ്രകടനം നടന്നു. കാമ്പസിനു പുറത്തുള്ള എ.ബി.വി.പി- ആർ.എസ്.എസ് ഗുണ്ടാ സംഘമാണ് വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചതെന്ന് ആരോപിച്ചും അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുമായിരുന്നു പ്രകടനം. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, പി.പി സുഭാഷ്, സി.സി വിപിൻചന്ദ്രൻ, ടി.എൻ വേണു തുടങ്ങിയവർ നേതൃത്വം നൽകി.
ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷോ ഘോഷിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചന്തപ്പുരയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗം ഏരിയ സെക്രട്ടറി വി.ഇ ഇൻസാഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ് സജനാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എം മുബശ്ശിർ ആമുഖ പ്രസംഗം നടത്തി. എം.ഇ.എസ് അസ്മാബി കോളേജ് ഉൾപ്പടെയുള്ള കലാലയങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു.