തൃശൂർ: പരമ്പരാഗത കൃഷിസമ്പ്രദായം നിലനിറുത്തിക്കൊണ്ടുതന്നെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കർഷകരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും അവരെ കൈ പിടിച്ചുയർത്താൻ അടിയന്തര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈഗ മൂന്നാം ദിന ചർച്ചാസദസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കണം. ഉൽപാദനച്ചെലവ് ഭീമമായി ഉയരുകയും വരുമാനം തുച്ഛമാവുകയും ചെയ്യുന്നതു മൂലം രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകുകയാണ്. ഇതിനിടെയും ബാങ്കുകൾ നിർദാക്ഷിണ്യം ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നു. നൂതന സാങ്കേതിക വിദ്യകൾ കർഷകരിലെത്തിച്ച് ശാസ്ത്രീയമായ സംരംഭകത്വങ്ങൾക്ക് സർക്കാർ തുണയാകണം.

നെല്ലു സംഭരണത്തിലെ പോരായ്മകൾ നെൽക്കർഷകരെ കൂടുതൽ തളർത്തുകയാണ്. സംഭരിക്കുന്ന നെല്ലിന് മികച്ച വില കാലതാമസമില്ലാതെ നൽകാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പ്രസംഗിച്ചു.