കൊടുങ്ങല്ലൂർ: സ്ത്രീകളുടെ നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും "പൊതുയിടം എന്റേതും " എന്ന പേരിൽ നടത്തിയ രണ്ടാംഘട്ട പരിപാടിയും ജനശ്രദ്ധ പിടിച്ചു പറ്റി. വനിതകൾ പാട്ടു പാടി നൃത്തം ചെയ്താണ് യാത്ര അവസാനിപ്പിച്ചത്. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടം ലഭ്യമാക്കുന്നതിനും കൊടുങ്ങല്ലൂർ നഗരസഭയും വനിതാ ശിശുവികസന വകുപ്പും ചേർന്നാണ് നൈറ്റ് വാക്ക് നടത്തിയത്. രാത്രി 9 മണി മുതൽ 11 മണി വരെ കൊടുങ്ങല്ലൂർ നഗരത്തിൽ നടന്ന നൈറ്റ് വാക്കിൽ എല്ലാ വനിതാ കൗൺസിലർമാരും വിവിധ വനിതാ സംഘടനകളും കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും യാത്രയിൽ പങ്കെടുത്തു. നാല് അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണ് നൈറ്റ് വാക്കിൽ സ്ത്രീകൾ പങ്കെടുത്തത്. നഗരസഭ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച യാത്ര ശൃംഗപുരം വഴി ചേരമാൻ പള്ളി വരെ പോയി നഗരസഭ പരിസരത്ത് തിരിച്ചെത്തി സമാപിച്ചു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോജക്ട് ഓഫീസർ സുധ പ്രസംഗിച്ചു. ഇരുനൂറോളം സ്ത്രീകൾ ഇതിൽ പങ്കെടുത്തു.