police

തൃശൂർ : ബാത്ത് റൂമിൽ പുകവലിക്കാൻ സമ്മതിക്കാത്ത വിരോധത്താൽ, ശിക്ഷാത്തടവുകാരൻ കോടതി മുറിക്കുള്ളിൽ എ.എസ്‌.ഐയുടെ തലയിൽ വിലങ്ങുകൊണ്ട് അടിച്ചു. ചെവിയുടെ ഭാഗം മുറിഞ്ഞ് പരിക്കേറ്റ എ.എസ്‌.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സായുധസേനയിലെ എ.എസ്‌.ഐ ജോമി കെ. ജോസിനെയാണ് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ എറണാകുളം ചിറനെല്ലൂർ മുട്ടിക്കപറമ്പിൽ ഏണസ്റ്റ് (30) ആക്രമിച്ചത്. അഭിഭാഷകരുടെയും ജീവനക്കാരുടെയും മുന്നിലായിരുന്നു ആക്രമണം.

ഇരുപത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഏണസ്റ്റ് പിടിച്ചുപറിക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. മറ്റൊരു കേസിൽ വിസ്താരത്തിന് ഹാജരാക്കാൻ ഇന്നലെ ഉച്ചയോടെയാണ് ഏണസ്റ്റിനെ തൃശൂർ ഒന്നാം അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ജോമിയുടെ നേതൃത്വത്തിലുള്ള കാവൽ സംഘത്തോട് ബീഡി വാങ്ങി നൽകണമെന്ന് ഏണസ്റ്റ് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാൾ അസ്വസ്ഥത കാട്ടിത്തുടങ്ങി. ശുചിമുറിയിൽ പോകണമെന്നായി പിന്നീടുള്ള വാശി.

പൊലീസ് അനുവദിച്ചു. എന്നാൽ, 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ട് ഇയാൾ ബഹളംകൂട്ടി. കോടതി നടപടിക്രമങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്ന പൊലീസ് സംഘം അനുവദിക്കാതിരുന്നതോടെ ഇയാൾ അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും മുന്നിൽ അക്രമാസക്തനായി. വിലങ്ങ് ധരിപ്പിക്കാൻ ജോമി ശ്രമിച്ചെങ്കിലും പ്രതിക്കൂട്ടിൽ നിന്ന ഏണസ്റ്റ് വിലങ്ങ് പിടിച്ചുവാങ്ങി ജോമിയുടെ തലയ്ക്കു നേരെ ആഞ്ഞുവീശുകയായിരുന്നു.

തലപൊട്ടി ചോരയൊഴുകിയതോടെ എല്ലാവരും ഭയന്നു. കോടതിയിലെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. നിരവധി കവർച്ച കേസിലെ പ്രതിയും കായ്ക്കുരു രാജേഷ് സംഘാംഗവും സെൻട്രൽ ജയിലിലെ തടവുകാരനുമാണ് പ്രതി. ഇയാളെ മറ്റു പൊലീസുകാർ ബലമായി പിടിച്ചുമാറ്റി വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ജയിലിലേക്ക് മാറ്റി. അസഭ്യം വിളിച്ച് ഭീഷണി മുഴക്കിയ പ്രതിയുടെ ചെയ്തികൾ എസ്‌കോർട്ട് ഡ്യൂട്ടിയിലെ പൊലീസുകാർ ജഡ്ജിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കോടതി നിർദ്ദേശാനുസരണം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.