തൃശൂർ: വിദ്യാഭ്യാസ വിചക്ഷണനും സാംസ്‌കാരിക പ്രവർത്തകനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന് 101-ാം പിറന്നാൾ ദിനത്തിൽ ആശംസാപ്രവാഹം. പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊന്നാട ചാർത്തി. ചിത്രൻ നമ്പൂതിരിപ്പാട് മലയാളത്തിന്റെ സൗഭാഗ്യമാണെന്നും
കേരളീയ സമൂഹത്തിന് നമ്പൂതിരിപ്പാട് നൽകിയ സംഭാവനകളിൽ പ്രധാനം സാംസ്‌കാരിക ശുദ്ധിയും അദ്ധ്യാപക വിശുദ്ധിയുമാണെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി വി.എസ് സുനിൽകുമാർ നിലവിളക്ക് കൊളുത്തി. ടി.എൻ പ്രതാപൻ എം.പി, തേറമ്പിൽ രാമകൃഷ്ണൻ, സ്വാമി സദ്ഭവാനന്ദ, സ്വാമി ഗഭീരാനന്ദ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, ടി.എസ് പട്ടാഭിരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, എ. പ്രസാദ് എന്നിവർ പങ്കെടുത്തു. ഭാര്യയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മുക്തിസ്ഥലേശ്വരി പുരസ്‌കാരം ഡോ. തുളസീബായിയ്ക്ക് മന്ത്രി വി.എസ് സുനിൽകുമാർ സമ്മാനിച്ചു.