മാള: അത്യപൂർവ കിഴങ്ങുവർഗങ്ങളുടെ സംരക്ഷണ തൊടിയിലേക്ക് ദേശീയ സംഘമെത്തി. തൃശൂർ ജില്ലയിലെ കൊറ്റനെല്ലൂർ സ്വദേശി ഇടവന വീട്ടിൽ ഇ.ആർ വിനോദിന്റെ പുരയിടത്തിലേക്കാണ് എൻ.ബി.പി.ആർ സംഘം എത്തിയത്. നാടനും വിദേശികളുമായ കിഴങ്ങുവർഗങ്ങൾ വിനോദ് പ്രദർശിപ്പിച്ചിരുന്നു. പുരയിടത്തിൽ വിത്ത് സംരക്ഷണത്തിനായി നട്ടുവളർത്തിയ അപൂർവ ഇനം അടക്കം നൂറിലധികം കിഴങ്ങുവർഗങ്ങളാണ് പ്രദർശിപ്പിച്ചത്.
എൻ.ബി.പി.ആർ ഡയറക്ടർ ഡോ. കുൽദീപ് സിംഗ്, ക്യു.ആർ.ടി. ചെയർമാൻ ഡോ. എം.പി പാണ്ഡെ, ഡോ. എസ്.സി ദുബെ, ഡോ. പി.എസ്. നായർ, ഡോ. വി.എസ് ഗുപ്ത, ഡോ. ഭഗ്മൽ, ഡോ.എസ്. കാർത്തിക് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. കിഴങ്ങുവർഗങ്ങളുടെ സംരക്ഷണത്തിന്റെ മാതൃകാ കേന്ദ്രമായി വിനോദിന്റെ പുരയിടത്തെ മാറ്റിയിരിക്കുകയാണ്. അപൂർവമായി കാണുന്ന കിഴങ്ങുവർഗങ്ങൾ കാണുന്നതിനായി നിരവധി പേരാണ് എത്തിയത്.
വിവിധ ഇനങ്ങളെയും അവയുടെ ഗുണങ്ങളെയും സംബന്ധിച്ച് വിനോദ് സംഘത്തോട് വിശദീകരിച്ചു. പുരയിടത്തിലെ 90 സെന്റ് സ്ഥലത്താണ് നൂറിലധികം ഇനം കിഴങ്ങുകൾ കൃഷി ചെയ്തിട്ടുള്ളത്. കൃഷിയിടം സന്ദർശനത്തിനും പ്രദർശനത്തിനും ശേഷം വിവിധ ക്‌ളാസുകൾ നടന്നു. ഇതോടൊപ്പം വിത്തുകളും വിതരണം ചെയ്തു. കിഴങ്ങുവർഗങ്ങളുടെ സംരക്ഷകരായ നിരവധി പേരാണ് വിനോദിന്റെ പുരയിടത്തിലെ പ്രദർശനവും തോട്ടങ്ങളും കാണാനെത്തിയത്.
കാച്ചിൽ 45 ഇനങ്ങൾ, കപ്പ 60 ഇനങ്ങൾ, ചേമ്പ് 45 ഇനങ്ങൾ, ചേന 10 ഇനങ്ങൾ, ഇഞ്ചി 15 ഇനങ്ങൾ, മഞ്ഞൾ 15 ഇനങ്ങൾ, കരിമഞ്ഞൾ മൂന്ന് ഇനങ്ങളുമുണ്ട്. ഈ കിഴങ്ങ് ഇനങ്ങൾ മാത്രമല്ല, വാഴകൾ 12 ഇനങ്ങൾ, നാടൻ മാവുകൾ 12 ഇനങ്ങൾ, കുരുമുളക് 15 ഇനങ്ങൾ, പ്ലാവുകൾ 12 ഇനങ്ങൾ, ജാതികൾ 6 ഇനങ്ങൾ എന്നിവയും വിനോദിന്റെ പുരയിടത്തിലുണ്ട്...