എരുമപ്പെട്ടി:പുസ്തകത്താളുകളിലെ അക്ഷരങ്ങളെ തലോടുന്ന കൈകളാൽ രുചിയേറും പൊറോട്ടയുണ്ടാക്കി ശ്രദ്ധ ആകർഷിക്കുകയാണ് ബി.കോം വിദ്യാർത്ഥിനിയായ മെറിൻ. കാഞ്ഞിരക്കോട് പള്ളിമണ്ണ പാലത്തിന് സമീപമുള്ള തട്ടുകടയിലാണ് അമ്മയ്ക്ക് കൈത്താങ്ങായി മെറിൻ അധ്വാനിക്കുന്നത്. ചേലക്കര പങ്ങാരപിള്ളി പുത്തൻ പറമ്പിൽ അമ്മിണിയുടെയും വിജയന്റേയും മൂന്ന് പെൺമക്കളിൽ ഇളയവളാണ് മെറിൻ. 15 വർഷം മുമ്പ് വിജയൻ കുടുംബം ഉപേക്ഷിച്ചു പോയി. അമ്മിണിയുടെ പ്രയത്നത്തിൽ രണ്ട് മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു.
കാഞ്ഞിരക്കോട് പള്ളിമണ്ണപാലത്തിന് സമീപം വാടക വീട്ടിലാണ് അമ്മിണിയും ഇളയ മകളായ മെറിനും താമസിക്കുന്നത്. വീടിനോടു ചേർന്നുള്ള തട്ടുകട നടത്തിയാണ് അമ്മിണി മെറിന്റെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നത്. കഷ്ടപ്പാടിൽ അമ്മയ്ക്ക് കൈത്താങ്ങാവുകയാണ് മെറിൻ. മാവ് കുഴച്ച് പൊറോട്ടയടിക്കുന്ന മെറിൻ കടയിലെത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. പരിചയ സമ്പന്നയായ പൊറോട്ട മേക്കറുടെ കൈ വഴക്കമാണ് ഇരുപതുകാരിയായ ഈ വിദ്യാർത്ഥിനിക്ക്.
തൃശൂർ കോ-ഓപറേറ്റീവ് സയൻസ് കോളേജ് ബികോം ആദ്യവർഷ വിദ്യാർത്ഥിനിയായ മെറിൻ ക്ലാസ് കഴിഞ്ഞു വന്ന് വൈകുന്നേരമാണ് കടയിൽ അമ്മയെ സഹായിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി അമ്മ എടുത്തിട്ടുള്ള കടബാധ്യതകൾ തീർക്കണമെന്നാണ് മെറിന്റെ ആഗ്രഹം. അതിനുവേണ്ടിയാണ് അമ്മയോടൊപ്പം ചേർന്ന് തട്ടുകടയിൽ അധ്വാനിക്കുന്നത്. രുചികരമായ ഭക്ഷണം നൽകുന്നതിനാൽ നല്ല കച്ചവടം ഇവിടെ ലഭിക്കുന്നുണ്ട്. കടങ്ങൾ തീർത്ത് പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ച് അമ്മയുമായി ജന്മ നാട്ടിലേക്ക് മടങ്ങി നല്ലൊരു വീട് വച്ച് താമസിക്കണമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് മെറിൻ.