വാടാനപ്പിള്ളി: പഞ്ചായത്താഫീസിന് മുമ്പിൽ മനപ്പൊഴി കോളനി നിവാസികൾ ധർണ്ണ നടത്തി. എട്ടാം വാർഡിൽ കോളനി റോഡിന്റെ വീതി ആറ് അടിയിൽ നിന്നും ഏഴ് അടിയാക്കി നിർമ്മിക്കണമെന്നാണ് ആവശ്യം. കൂടാതെ റോഡിനായി ഭൂമി വാങ്ങികൊടുക്കാമെന്ന വ്യവസ്ഥയിൽ 1,80,000 രൂപ പിരിവെടുത്തു. പണം നൽകിയിട്ടും ഭൂമി വിട്ടു നൽകാതെ കോളനി വാസികളെ കബളിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ചെയ്തതെന്ന് ധർണക്കാർ ആരോപിച്ചു. ഭൂമിയെ കുറിച്ച് സംസാരിച്ച എസ്.സി സ്ത്രീകളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച സ്ഥലമുടമയ്ക്കെതിരെ നടപടിയെടുക്കണമെന്നും കോളനി വാസികൾ ആവശ്യപ്പെട്ടു. സിന്ധു മദനമോഹനൻ, ഷാജി ഉണ്ണിക്കൃഷ്ണൻ, പ്രിയ മനോജ് എന്നിവർ സംസാരിച്ചു.