തൃശൂർ: മയക്കുമരുന്ന് പരിശോധനയ്ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ യുവാവ് കരുവന്നൂർ പുഴയിൽ വീണ് മുങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് കേസെടുത്തത്. മുങ്ങുന്നതിനിടയിൽ പ്രാണരക്ഷാർത്ഥം രക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ സഹായിച്ചില്ലെന്ന ആരോപണം ഉയർന്നിരുന്നു. എക്‌സൈസ് കമ്മിഷണർ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. തൃപ്രയാർ സ്വദേശി അക്ഷയ് ആണ് മരിച്ചത്.