ഗുരുവായൂർ: മറ്റം ആളൂർ റോഡിൽ മിനി ലോറി കത്തി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കശേരി സ്വദേശി പാമ്പിങ്ങൽ സുബ്രഹ്മണ്യന്റെ മകൻ ലിനേഷിനെയാണ് (42) കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആളൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിറുത്തിയിട്ടിരുന്ന കോഴികളെ കൊണ്ടു പോകുന്ന മിനി ലോറിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട് കുടിവെള്ള ടാങ്കർ ലോറിക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ലിനേഷിന്റെ മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്ത വിധം ശരീരം കത്തിക്കരിഞ്ഞിരുന്നു. അടുത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്നാണ് ആളെ മനസിലായത്. ബന്ധുക്കളെത്തി തിരിച്ചറിയുകയും ചെയ്തു. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.