ചാലക്കുടി: നിയമം പാലിക്കുന്നവർക്ക് മിഠായിയും അല്ലാത്തവർക്ക് ലഘുലേഖകളും നൽകി അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ റോഡ് സുരക്ഷാ ബോധവത്കരണം. അന്നനാട് കാടുകുറ്റി റോഡിലാണ് എൻ.എസ്.എസ്, സ്‌കൗട്ട്‌സ്
ആൻഡ് ഗൈഡ്‌സിലെ അറുപതോളം വളണ്ടിയർമാർ നിരത്തിലിറങ്ങിയത്. ഇരുചക്ര വാഹന യാത്രക്കാർക്കായിരുന്നു പ്രധാനമായും വിദ്യാർത്ഥികൾ ബോധവത്കരണം നൽകിയത്. ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ച നിരവധിയാളുകളെ തടഞ്ഞു നിറുത്തി ഇവർ ആദ്യം നൽകിയത് പൂച്ചെണ്ട്. പിന്നാലെ ലളിതമായ ഉപദേശവും. ഇതോടൊപ്പം റോഡ് സുരക്ഷയെക്കുറിച്ചുള്ള ലഘുലേഖയും നൽകി. നിയമം പാലിച്ചവർക്ക് പൂച്ചെണ്ടിനോടൊപ്പം മധുരവും നൽകി. പ്രിൻസിപ്പാൾ കെ.ടി. പോൾ, മാനേജർ സി.എ. ഷാജി, പി.ടി.എ പ്രസിഡന്റ് വി.കെ. ഷാജു, അദ്ധ്യാപരായ കെ.എസ്. രഞ്ജിത്ത്, ബിന്ദു ആർ.മേനോൻ എന്നിവരും പങ്കാളികളായി.