തൃശൂർ : കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഭക്ഷ്യ സംസ്‌കരണ മേഖല ശക്തിപ്പെടുത്തണമെന്ന് തെലങ്കാന കൃഷിമന്ത്രി സിംഗിറെഡ്ഡി നിരഞ്ജൻ റെഡ്ഡി പറഞ്ഞു. വൈഗ 2020 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തെലങ്കാന മന്ത്രി. ഭക്ഷ്യസംസ്‌കരണ മേഖലയിൽ തെലങ്കാന സർക്കാർ ചെയ്യുന്ന വൈവിദ്ധ്യവും വിപുലവുമായ പ്രവർത്തനങ്ങളും മറ്റ് വിവിധ കർഷകക്ഷേമ പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.
തലച്ചോറിന് വരെ ബദലായി കൃത്രിമ ബുദ്ധി കണ്ടുപിടിച്ചു. പക്ഷേ, മനുഷ്യന് കഴിക്കാവുന്ന ഭക്ഷണത്തിന് പകരം കണ്ടുപിടിച്ചിട്ടില്ല.

അത് നാം പ്രാഥമികമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുക തന്നെ വേണം. കാഴ്ചപ്പാടുകളുടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും കൈമാറ്റത്തിനുതകുന്ന രീതിയിൽ നടത്തുന്ന വൈഗ കാർഷിക മേള രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഏറെ ഗുണപ്രദമാണെന്ന് മന്ത്രി പറഞ്ഞു. വേദിയിൽ പ്ലാവിൻ തൈക്ക് വെള്ളമൊഴിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി' പദ്ധതിയുടെ ഹെൽത്തി പ്ലേറ്റ് പദ്ധതിയിലെ തീരദേശ പ്ലേറ്റ് തെലങ്കാന മന്ത്രി പുറത്തിറക്കി.