തൃശൂർ : കാർഷിക മേഖലയ്ക്ക് പുത്തനുണർവേകിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധാകേന്ദ്രമായും വൈഗ 2020 ന് തിരശീല വീണു. തേക്കിൻകാട് മൈതാനിയിൽ നാലു മുതൽ ആരംഭിച്ച കാർഷികമേളയിൽ കർഷകരും മറ്റുള്ളവരും വിദ്യാർത്ഥികളുമടക്കം ഏകദേശം രണ്ടര ലക്ഷത്തിലേറെ പേർ സന്ദർശനം നടത്തി. വിദ്യാർത്ഥികളെ സംബന്ധിച്ച് കാർഷിക മേള പുത്തനനുഭവമായി മാറി.
സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ ഏജൻസികൾ, യുവസംരംഭകർ, കാർഷിക സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെയടക്കം 340 ഓളം സ്റ്റാളുകൾ വൈഗയെ ആകർഷണമാക്കി. യുവാക്കളുടെ സാന്നിദ്ധ്യവും ഏറെയായിരുന്നു, ഭൂട്ടാൻ, ടിബറ്റ്, ഫിൻലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഗവേഷകരും പ്രതിനിധികളും പങ്കെടുത്തു. രാജ്യത്തെ വിവിധ കാർഷിക രീതിയെ കുറിച്ചും വിൽപന, കയറ്റുമതി എന്നിവയെ കുറിച്ചുള്ള സെമിനാറുകളും കാർഷിക മേഖലയ്ക്ക് ഉണർവേകുന്നതായി. ഒരോ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അതാത് പ്രദേശത്തെ കർഷകർ വൈഗയിലെത്തി.
ആദ്യ ദിനം മുതൽ ഇടതടവില്ലാതെയാണ് ആളുകൾ വൈഗയിലെത്തിയത്. ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഘാടക സമിതി നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. 2021ൽ നടക്കുന്ന വൈഗ കാർഷിക മേളയിൽ തൃശൂർ തന്നെയാകും ആതിഥേയർ. ഇതുവരെ ഉണ്ടായതിൽ നിന്ന് വ്യത്യസ്തമായി ഏഴ് ദിവസമായിരിക്കും കാർഷികമേള നടത്തുക. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ഹരിത പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു വൈഗയുടെ സംഘാടനം.
സംഘാടകന്റെ റോൾ ഭംഗിയാക്കി
മന്ത്രി സുനിൽ കുമാർ
തേക്കിൻകാട് മൈതാനിയിൽ വൈഗ നാലാം പതിപ്പിന്റെ സംഘാടനം പ്രശംസനീയമായി. വകുപ്പു മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക ഉത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക സംരംഭകരെ എത്തിക്കുന്നതിൽ മന്ത്രി കാണിച്ച ഇടപെടലുകളും ശ്രദ്ധേയമായി. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി, വിവിധ സംസ്ഥാന മന്ത്രിമാർ എന്നിവരും നേതൃത്വം നൽകി. കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്ര കുമാർ സിംഗ്, കൃഷി ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും നേതൃത്വം നൽകി.
ജനങ്ങൾ ഏറ്റെടുത്ത മേള
ഓരോ വർഷം ചെല്ലും തോറും വൈഗ കൂടുതൽ ജനകീയമാവുകയാണ്. പ്രദർശന നഗരിയിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടമായിരുന്നു. കാർഷിക മേഖലയിൽ വൈഗ സമ്മാനിച്ചത് ഏറെ അനുഭവങ്ങളാണ്.
(മന്ത്രി വി.എസ് സുനിൽ കുമാർ)