പുതുക്കാട്: വൈദ്യുതി കുടിശികയുടെ പേരിൽ ചെങ്ങാലൂർ മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി.അധികൃതർ വിച്ഛേദിച്ചു. 9.25 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കഴിഞ്ഞ ജൂലായിൽ വൈദ്യുതി ചാർജായി 32.56 ലക്ഷം രൂപ അടച്ചിരുന്നു.
ജലസേചന വകുപ്പിന്റെ തിരുവനന്തപുരത്തെ ചീഫ് എൻജിനിയറുടെ ആഫീസിൽ നിന്നാണ് വൈദ്യുതി ചാർജ് അടയ്ക്കുന്നത്. മാസാമാസം വൈദ്യുതിചാർജ്ജ് അടക്കുന്ന സമ്പ്രദായമല്ല ജലസേചന വകുപ്പിന്റേത്. വേനൽക്കാലത്ത് മാത്രമാണ് പമ്പ് ഹൗസുകൾ പ്രവർത്തിക്കുക. കാലവർഷാരംഭത്തിൽ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. പിന്നിട് വേനൽ ആരംഭത്തോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ച് പമ്പ് ഹൗസ് പ്രവർത്തിക്കുക. ഇത്തവണ പമ്പിംഗ് ആരംഭിച്ചിട്ട് 15 ദിവസമേ കഴിഞ്ഞുള്ളൂ.
മനയ്ക്കലക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആയക്കെട്ട് ഏരിയ 514 ഹെക്ടർ സ്ഥലമാണ്. നെൽകൃഷിക്കു പുറമെ ജാതി, നേന്ത്രവാഴ എന്നിവ കൃഷി ചെയ്ത കർഷകർ അങ്കലാപ്പിലായി. ജലസേചനം അത്യാവശ്യമായ സമയത്ത് പമ്പിംഗ് നിലച്ചതോടെ എന്ത് ചേയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് കർഷകർ. കെ.എസ്.ഇ.ബി പുതുക്കാട് സെക്‌ഷൻ അധികൃതർ മുന്നറിയിപ്പ് പോലും നൽകാതെയാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ആരോപിച്ചു.
മറ്റ് സെക്‌ഷനുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനു മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജലസേചന വകപ്പ് അധികൃതർ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാമെന്നും സാവകാശം വാങ്ങാമെന്നുമാണ് ഇറിഗേഷൻ വകുപ്പിന്റെ കൊടകര സെക്‌ഷൻ അധികൃതർ പറയുന്നത്. മുകളിൽ നിന്നുള്ള നിർദേശം പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നത്.
ലോണെടുത്തും, ഭൂമി പാട്ടത്തിനെടുത്തും നേന്ത്ര വാഴ കൃഷി ചെയ്യുന്ന കർഷകരുടെ സ്ഥിതിയാണ് അതിദയനീയം. പമ്പിംഗ് നിലച്ചതോടെ വീട്ടുകിണറുകളിലെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ള ക്ഷാമവും പ്രദേശത്ത് അനുഭവപ്പെടുമെന്ന നിലയാണ്. അടുത്ത പത്തിന് തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനത്തിന് ആമ്പല്ലൂരിലെത്തുന്ന ജലവിഭവ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സങ്കടം അറിയിക്കാൻ കാത്തിരിക്കുകയാണ് കർഷകർ.
പദ്ധതിയും വസ്തുതയും
കുടിശികയുള്ളത് ആകെ - 9.25 ലക്ഷം രൂപ
കഴിഞ്ഞ ജൂലായിൽ അടച്ചത് - 32.56 ലക്ഷം
ചാർജ് അടയ്ക്കുന്നത് തിരുവനന്തപുരം നിന്ന്
പമ്പ് ഹൗസ് പ്രവർത്തനം വേനലിൽ മാത്രം
മനയ്ക്കലടവിന്റെ ആയക്കെട്ട് 514 ഹെക്ടർ
ഉപയോഗിക്കാത്ത സമയത്തും വൈദ്യുതി ചാർജ്ജ് നൽകണം
മഴ തുടങ്ങുന്നതോടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. പിന്നിട് വേനൽ ആരംഭത്തോടെ മാത്രമാണ് പമ്പ് ഹൗസുകൾ പ്രവർത്തിച്ചു തുടങ്ങുക. എന്നാൽ ശരാശരി ചാർജ്ജ് എന്ന പേരിൽ എല്ലാ മാസവും വൈദ്യുതി ചാർജ് നൽകണം. ഇത് അശാസ്ത്രീയമാണെന്നും കെ.എസ്.ഇ.ബിയുടെ പകൽകൊള്ളയാണെന്നും കർഷകർ ആരോപിക്കുന്നു. ഉപയോഗിക്കാത്ത കാലത്തെ പോലും വൈദ്യുതി ചാർജ്ജ് ഈടാക്കുന്ന കെ.എസ്.ഇ.ബി കുടിശിഖയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചത് ന്യായമല്ലെന്നാണ് കർഷക സമിതി ഭാരവാഹികളുടെ പക്ഷം.