pipe-line-potty
പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു.

കയ്പമംഗലം: കോടികൾ ചെലവാക്കി പുനർനിർമ്മാണം കഴിഞ്ഞ പെരിഞ്ഞനം കുറ്റിലക്കടവ് - മതിലകം പള്ളിവളവ് റോഡ് ഒരു വർഷമെത്തുമ്പോഴേക്കും പൈപ്പ് ലൈൻ പൊട്ടി തകർച്ചയുടെ വക്കിൽ. റോഡിന്റെ മദ്ധ്യത്തിലും വശങ്ങളിലുമായി പത്തോളം ഭാഗത്താണ് പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇതുമൂലം ഒരടിയോളം ഉയർത്തി പുനർനിർമ്മാണം നടത്തിയ റോഡ് തകർച്ചയുടെ വക്കിലെത്തി. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 4.13 കോടി ചെലവാക്കി നിർമ്മാണം പൂർത്തീകരിച്ചത്. പെരിഞ്ഞനം സെന്റർ മുതൽ മതിലകം പള്ളിവളവ് വരെ 4.5 കിലോമീറ്റർ നീളമുള്ള റോഡാണിത്. കാനയുടെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തീകരിച്ച ശേഷം ആറ് മീറ്റർ വീതിയിലുള്ള റോഡിന് 3.75 മീറ്റർ ടാറിംഗ് ചെയ്യുന്നതിനായി പഴയ റോഡ് പൊളിച്ചു മാറ്റി കല്ലുകൾ വിരിച്ച് ഒരടിയോളം ഉയർത്തിയിരുന്നു. റോഡിന്റെ ചില ഭാഗത്ത് ഇടിഞ്ഞു തുടങ്ങിയതായും നാട്ടുകാർ ആക്ഷേപിക്കുന്നുണ്ട്. പെരിഞ്ഞനം കുറ്റിലക്കടവ് ഗവ. ആശുപത്രിയിലേക്കും, പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂൾ അടക്കം മേഖലയിലെ സ്‌കൂളുകളിലേക്കും പോകുന്ന പ്രധാനപെട്ട റോഡാണ് ഇത്

....

ഈ റോഡിന്റെ പ്രാധാന്യം മനസിലാക്കി റോഡിന്റെ കേടുപാടുകൾ തീർത്തും, കുടിവെള്ള ക്ഷാമം നേരിടുന്ന ഈ മേഖലയിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന പ്രശ്‌നങ്ങളും പരിഹരിക്കണം

അഴിമതി വിരുദ്ധ കർഷക സംഘാടക സമിതി

..........


35 വർഷത്തിലേറെ പഴക്കമുള്ള പൈപ്പാണ് റോഡിനടിയിലൂടെ പോകുന്നത്. പൈപ്പ് പൊട്ടിയല്ല ജോയിന്റുകളിലുള്ള പാക്കിംഗിന് തേയ്മാനം സംഭവിച്ചാണ് വെള്ളം ലീക്കാവുന്നത്. അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുയാണ്. മെയിന്റനൻസ് നടത്തണമെങ്കിൽ ഈ മേഖലയിലെ പമ്പിംഗ് നിറുത്തി വയ്ക്കേണ്ടി വരും

മതിലകം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ