ചാവക്കാട്: വിടപറഞ്ഞ സുഹൃത്തിന്റെ ഓർമ്മയ്ക്കായി അപകട ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു. ചാവക്കാട് ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ് ക്ലബ് പ്രവർത്തകരാണ് അഞ്ച് വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച ഫുട്‌ബാൾ താരവും ക്ലബ് അംഗവുമായിരുന്ന ടി.എസ്. രാഹുലിന്റെ സ്മരണാർത്ഥം മാതൃകാപ്രവർത്തനം നടത്തിയത്.
ഇരട്ടപ്പുഴ തെക്കേടത്ത് ശങ്കരനാരായണൻ - ഉമാ ദമ്പതികളുടെ രണ്ടാമത്തെ മകനായ രാഹുൽ(22) പാലയൂർ മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ 2014 ജനുവരി ഏഴിനാണ് മരിച്ചത്. ഫുട്‌ബാൾ താരമായിരുന്ന രാഹുലിന്റെ സ്മരണാർത്ഥം ആദ്യ വർഷങ്ങളിൽ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ആയിരുന്നു ക്ലബ് സംഘടിപ്പിച്ചിരുന്നത്. പിന്നീട് സേവന മേഖലയിൽ ആയിരുന്നു പ്രവർത്തനങ്ങൾ.
കഴിഞ്ഞ വർഷം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അൻപതിനായിരത്തിലേറെ രൂപ ചെലവാക്കി അത്യാഹിത വിഭാഗവും ഒപി വിഭാഗവും അടങ്ങുന്ന 2 ബ്ലോക്കുകൾ മുപ്പതോളം ക്ലബ് അംഗങ്ങൾ പെയിന്റിംഗ് ചെയ്ത് നൽകിയിരുന്നു. ഇപ്പോൾ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന ചാവക്കാട് തീരദേശ റോഡിൽ ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ച് ഒട്ടേറെ അപകട ജാഗ്രതാ ബോർഡുകളാണ് ക്ലബ് പ്രവർത്തകർ സ്ഥാപിച്ചത്.
ചാവക്കാട് എസ്.ഐ: കെ.പി. ആനന്ദൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്താഖ് അലി, വാർഡ് മെമ്പർ മൂക്കൻ കാഞ്ചന, ക്ലബ് ഭാരവാഹികളായ സി.എസ്. പ്രണവ്, സജിൻ ആലുങ്ങൽ, കെ.പി. മുനീർ,ഗണേഷ് തൊട്ടാപ്പ് തുടങ്ങിയവർ സംസാരിച്ചു.