മാള: 'സപ്ലൈകോയ്ക്ക് നൽകി കാശിനായി കാത്തിരിക്കാൻ ഞങ്ങളില്ല. കൃഷി ചെയ്ത് വിളവെടുത്തത് നെല്ലായും അരിയായും അവലായും ഞങ്ങൾ നേരിട്ട് വിൽക്കും.' നയം വ്യക്തമാക്കുന്നത് മാളയ്ക്കടുത്ത് വേളൂക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ആമിന അബ്ദുൾ ഖാദർ, ടി.യു ബിന്ദു, രമിത സുധീന്ദ്രൻ, സുലോചന തിലകൻ എന്നീ കുടുംബിനികളാണ്. കാരണം മറ്റൊന്നല്ല, വലിയ ബാദ്ധ്യത വരുത്തിയാണ് 15 ഏക്കറിൽ നെൽക്കൃഷി ചെയ്തത്.
ആമിന അബ്ദുൾ ഖാദർ വാർഡ് മെമ്പറും വേളൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അംഗമാണ്. ടി.യു ബിന്ദു പാടശേഖര സമിതി സെക്രട്ടറിയും രമിത സുധീന്ദ്രൻ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി സെക്രട്ടറിയും എ.ഡി.എസ് പ്രസിഡന്റും സുലോചന തിലകൻ പഞ്ചായത്ത് മുൻ മെമ്പറാണ്.
ആദ്യമായാണ് ഇവർ സംഘമായി നെൽക്കൃഷി ചെയ്തത്. പച്ചക്കറി കൃഷി നേരത്തെ ചെയ്തിരുന്നു. തരിശ് കിടന്ന 15 ഏക്കർ പാടശേഖരം പാട്ടത്തിനെടുത്താണ് ഈ നാൽവർ സംഘം കൃഷിയിറക്കിയത്. ഇതിൽ അഞ്ച് ഏക്കർ സ്ഥലത്തെ കൊയ്ത്ത് കഴിഞ്ഞ് നെല്ല് ഉണക്കുകയാണ്. ശേഷിക്കുന്നത് ഏതാനും ദിവസങ്ങൾക്കകം വിളവെടുക്കാം. മട്ട ത്രിവേണിയാണ് കൊയ്ത്ത് കഴിഞ്ഞത്. ഇനി ഉമയാണ് കൊയ്യാനുള്ളത്. ഒരേക്കറിൽ നിന്ന് ശരാശരി ആയിരം കിലോഗ്രാം നെല്ലാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറഞ്ഞു.
മൂല്യവർദ്ധിത ഉത്പന്നമാക്കുമ്പോൾ കിലോഗ്രാമിന് 30 രൂപയെങ്കിലും വില കിട്ടും. രാസകീടനാശിനിയൊന്നും ഉപയോഗിക്കാതെയാണ് കൃഷി ചെയ്തിട്ടുള്ളതെന്നും ചാഴിക്കേട് ഇല്ലാതിരിക്കാൻ ചാള ചീച്ചത് പ്രയോഗിച്ചുവെന്നും വളമായി പച്ചിലകളും വേപ്പിൻ പിണ്ണാക്കുമാണ് ഉപയോഗിച്ചതെന്നും ആമിന അബ്ദുൾ ഖാദർ വ്യക്തമാക്കി. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് ആകെ ചെലവായത്.
ആഭരണങ്ങൾ പണയപ്പെടുത്തിയും കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തുമാണ് ഈ തുക കണ്ടെത്തിയത്. സൗജന്യമായി വിത്തും കുറഞ്ഞ നിരക്കിൽ കുമ്മായവും കൃഷി വകുപ്പിൽ നിന്ന് ലഭിച്ചു. പലരുടെയും അനുഭവം കണക്കിലെടുത്താണ് നെല്ല് സപ്ലൈകോയ്ക്ക് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ആവശ്യക്കാർക്ക് നേരിട്ട് നെല്ലും അരിയും അവലുമൊക്കെയാക്കി വിൽക്കുമെന്നും അവർ പറഞ്ഞു.
കാർഷിക മേഖലയിൽ പാരമ്പര്യം മാത്രം കൈമുതലായുള്ള ഇവർ ഇത്രയധികം സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ തയ്യാറായപ്പോൾ കൃഷി ഓഫീസർ അടക്കമുള്ളവർ പ്രോത്സാഹിപ്പിച്ചു. അതേസമയം പരിഹസിച്ചവരും നാട്ടിലുണ്ടെന്ന് ഇവർ പറയുന്നു. വരമ്പ് വെച്ചതും നടീലും ഒഴികെ മറ്റെല്ലാ പണികളും ഇവരാണ് ചെയ്തത്. യന്ത്രത്തിന്റെ സഹായത്താൽ കൊയ്ത്ത് നടത്തി വൈക്കോൽ പാടത്ത് വച്ച് തന്നെ വിൽപ്പന നടത്തി. ഒരു സ്ഥലത്ത് വിത വരെ ഇവർ ചെയ്തിട്ടുണ്ട്. താഷ്‌ക്കന്റ് വായനശാലയിലെ ചെൻചീര കാർഷിക ക്ലബ്ബിന്റെ പ്രവർത്തനവും കൃഷി അസിസ്റ്റന്റ് ഓഫീസർ എം.കെ ഉണ്ണിയുടെ നിർദേശങ്ങളും കൃഷിക്ക് ഊർജ്ജം പകർന്നു.
......
അവലിനായി ഇപ്പോൾ തന്നെ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലും അരിയും കൂടി വിൽക്കാൻ പ്രാദേശിക കേന്ദ്രം ഒരുക്കും.
ആമിന അബ്ദുൾ ഖാദർ, ടി.യു ബിന്ദു, രമിത സുധീന്ദ്രൻ, സുലോചന തിലകൻ