എരുമപ്പെട്ടി: പൊതുവിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് ആരോപിച്ച് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ സമരത്തിനൊരുങ്ങുന്നു. ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി പത്തിന് രാവിലെ പത്തിന് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തും. പ്രധാന അദ്ധ്യാപകരെ ദ്രോഹിക്കുന്ന പൊതുവിദ്യാലയം തകർക്കുന്ന ഉച്ച ഭക്ഷണ പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നും യൂണിഫോം വിതരണത്തിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.പി.എസ്.ടി.എ സമരം നടത്തുന്നത്.

ഉച്ചഭക്ഷണ വിതരണത്തിന് ആവശ്യമായ ഫണ്ട് വർഷങ്ങളായി അതിനായുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുകയും ഒരു മാസം വരുന്ന ചെലവ് എ.ഇ.ഒ അനുവദിക്കുന്ന മുറയ്ക്ക് പിൻവലിക്കുകയുമാണ് ചെയ്തു വന്നിരുന്നത്. ഇപ്പോൾ പണം ട്രഷറിയിലേക്ക് മാറ്റുകയും അനാവശ്യമായ തടസ്സങ്ങൾ ഉന്നയിച്ച് മാസങ്ങളോളം പണം ലഭിക്കാത്ത അവസ്ഥയുമാണ്. ഇത് പ്രധാന അദ്ധ്യാപകരെ വളരെയധികം ബുദ്ധിമുട്ടിലിക്കുന്നുണ്ട്. എൽ.പി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ ട്രഷറിയിൽ നിന്നും പണം എടുക്കുന്നതിനുള്ള ബിംസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അറിയാതെ പ്രയാസപ്പെടുകയാണ്.

ജനുവരി മാസമായിട്ടും ഹൈസ്‌കൂളുകളിൽ 2019- 20 വർഷത്തെ യൂണിഫോം വിതരണത്തിനുള്ള ഫണ്ട് ലഭിച്ചിട്ടില്ലയെന്നും ഭാരവാഹികൾ അറിയിച്ചു. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.പി.എസ്.ടി.എ തൃശൂർ റവന്യൂ ജില്ലാ പ്രസിഡന്റ് എ.എ. അബ്ദുൽ മജീദ്, സംസ്ഥാന കൗൺസിലർ ഗോപാലകൃഷ്ണൻ, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഷൈജു കൊളങ്ങാടൻ പങ്കെടുത്തു.