തൃശൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. ബി.എം.എസ് ഒഴികെയുള്ള പത്തോളം തൊഴിലാളി യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുത്തത്. തൃശൂർ നഗരത്തിലും വിവിധ താലൂക്ക്– പഞ്ചായത്ത് പ്രദേശങ്ങളിലും തൊഴിൽ മേഖലകൾ അടഞ്ഞു കിടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് അറിയിച്ചെങ്കിലും കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. തൃശൂരിലെ പ്രധാന മാർക്കറ്റുകളായ അരിയങ്ങാടി, ശക്തൻ തമ്പുരാൻ പച്ചക്കറി–മത്സ്യ മാർക്കറ്റുകൾ പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ട്രെയിനുകളിലും യാത്രക്കാർ കുറവായിരുന്നു. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞത് അൽപ്പ സമയം സംഘർഷാവസ്ഥ ഉണ്ടാക്കിയതൊഴിച്ചാൽ ഹർത്താലിന്റെ ഭാഗമായി ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. സർക്കാർ ഓഫീസുകളെല്ലാം അടഞ്ഞു കിടന്നപ്പോൾ കോടതികൾ പ്രവർത്തിച്ചു. തീരദേശ മേഖലയിലും പണിമുടക്ക് പൂർണ്ണമായിരുന്നു. ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും കോർപറേഷൻ ഓഫീസ് പരിസരത്ത് പൊതുയോഗവും ചേർന്നു. സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യുസി ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ ആവോക്കാരൻ അദ്ധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് എം.കെ തങ്കപ്പൻ, ബെഫി സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ. എൻ രാജൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.എസ് രഘുനാഥ്, പത്ര പ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത്, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി ടി.വി രാമചന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.വി ഹരിദാസ്, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി.എസ് പ്രിൻസ്, എച്ച്.എം.കെ.പി ജില്ലാ സെക്രട്ടറി എം.എ വാസുദേവൻ, എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥൻ, എഐടിയുസി ജില്ലാ ജോ. സെക്രട്ടറി എം.ആർ ഭൂപേശ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. വി പ്രഫൂൽ, എ.ഐ.ടി.യു.സി തൃശൂർ മണ്ഡലം സെക്രട്ടറി എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.