തൃശൂർ : സുരക്ഷാ സംവിധാനങ്ങളും പരിശോധനകളും ശക്തമല്ലാത്തതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രങ്ങളായി മാറുന്നുവെന്ന് ആക്ഷേപം. പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലാസിൽ കയറാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി മലക്കപ്പാറയിൽ പ്രണയ നൈരാശ്യത്തെ തുടർന്ന് കാറിൽ യുവതിയെ കൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തോടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഉയർന്നു. എറണാകുളം കലൂരിലെ താന്നിപ്പിള്ളി വീട്ടിൽ വിനോദിന്റെ മകൾ ഇവാന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകനും വെട്ടൂർ സ്വദേശിയുമായ സഫർഷായെ (26) അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. രണ്ടാമത്തെ ചെക്പോസ്റ്റിൽ വച്ച് സംശയം തോന്നിയപ്പോൾ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിപ്പെടുന്നത്.
കഞ്ചാവും ഒഴുകുന്നു
ഇത്തരം കേന്ദ്രങ്ങളിൽ കഞ്ചാവ് -മയക്കു മരുന്നു വിൽപ്പനയും വ്യാപകമാണ്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ചെപ്പാറ, പീച്ചി, വാഴാനി, വിലങ്ങൻ കുന്ന്, പൂമല, അതിരപ്പിള്ളി, സ്‌നേഹ തീരം, മറ്റ് പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ലഹരി വിൽപ്പനയുടെ കേന്ദ്രങ്ങളായി മാറുന്നതായാണ് പരാതി. ഇത്തരം കേന്ദ്രങ്ങളിൽ ചുമതലയുള്ളവർ സംശയം ഉള്ളവരെ ചോദ്യം ചെയ്യുമ്പോൾ ഉടൻ തന്നെ അവർ അവിടെ നിന്ന് കടന്നുകളയും.
പൊലീസും കൈമലർത്തുന്നു
ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നവരെ പിടികൂടി രക്ഷിതാക്കളെ വിളിച്ച് താക്കീത് നൽകുകയാണ് ആദ്യമൊക്കെ പൊലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പൊലീസ് എത്തിയാൽ സമൂഹ മാദ്ധ്യമങ്ങളിലുടെ തങ്ങളെ വിരട്ടുകയാണെന്ന് പറഞ്ഞ് പ്രചരണം നടത്തുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ഈ വിഷയത്തിൽ കൂടുതലായി ഇടപെടാറില്ല. പൊലീസ് സദാചാര പൊലീസാകുകയാണെന്ന ആക്ഷേപമാണ് ഇവർ ഉയർത്തുന്നത്. എതാനും ആഴ്ചകൾക്ക് മുമ്പ് തീരദേശത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിൽ കുളിമുറിക്കുള്ളിൽ കയറിയ യുവതി-യുവാക്കളെ പിടികൂടി രക്ഷിതാക്കളെ വരുത്തി പിഴയടപ്പിച്ച സംഭവവും ഉണ്ടായി. ചേപ്പാറയിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്.
നിലവിൽ പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ-യൂണിഫോം ധരിച്ചെത്തുന്നവരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് കടത്തി വിടാറില്ല. ഇവരെ തിരിച്ചയക്കുക മാത്രമാണ് ചെയ്യാൻ സാധിക്കുക. ഇത്തരത്തിൽ പല സംഭവങ്ങളും സ്ഥാപന മേധാവികൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
ഡോ.എ. കവിത (ഡി.ടി.പി.സി സെക്രട്ടറി)