ചാലക്കുടി: സംയുക്ത തൊഴിലാളി പണിമുടക്ക് കൊരട്ടിയിൽ സംഘർഷത്തിൽ കലാശിച്ചു. കൊരട്ടി കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ ജീവനക്കാരെ പുറത്തു നിന്നുമെത്തിയ പണിമുടക്ക് അനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പാർക്കിന്റെ കവാടത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്കിടയിലൂടെ മൂന്നുപേർ അകത്തു കടക്കാൻ ശ്രമിച്ചു. ഇതോടെ തൊഴിലാളികൾ പാഞ്ഞടുത്ത് ഇവർക്ക് നേരെ ആക്രോശിച്ചു.

ഉന്തിനും തള്ളിനുമിടയിൽ രണ്ടുപേർക്ക് മർദ്ദനമേറ്റു. ഇതിലൊരാളെ പൊലീസ് പിന്നീട് അകത്തേയ്ക്ക് കടത്തി വിട്ടു. ഇതോടെ തൊഴിലാളികൾ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. രാവിലെ നൂറോളം ജീവനക്കാർ ജോലിക്കെത്തിയത് മുതൽ ഇൻഫോ പാർക്കിന് മുന്നിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇവരെ തടയാനെത്തിയ തൊഴിലാളികളുമായി ഏറ്റുമുട്ടലുണ്ടായി. പിന്നീട് കൂടുതൽ തൊഴിലാളികൾ രംഗത്തെത്തിയതോടെ ജീവനക്കാൻ പിന്തിരിഞ്ഞു. ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി ആളുകളെ മാറ്റി. തുടർന്ന് സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ കൊരട്ടി ജംഗ്ഷനിൽ പ്രകടനവും പൊതു യോഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആർ. സുമേഷ് പൊതുയോഗം ഉദഘാടനം ചെയ്തു.

ചാലക്കുടിയിലെ മറ്റിടങ്ങളിൽ പണിമുടക്ക് ശാന്തമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കടകമ്പോളങ്ങളും സർക്കാർ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പണിമുടക്കിയ തൊഴിലാളികൾ പിന്നീട് നഗരത്തിൽ പ്രകടനം നടത്തി. ട്രങ്ക് റോഡ് ജംഗ്ഷനിൽ നടന്ന പൊതുയോഗം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി.ജോയ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.കെ. ഗിരിജാ വല്ലഭൻ, പി.എം. ശ്രീധരൻ, പി.പി. പോൾ, വി.ഐ. പോൾ, വി.എം ഭവാനി എന്നിവർ പ്രസംഗിച്ചു.