കാഞ്ഞാണി: മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താതിരുന്നത് വിവാദമായി. എല്ലാ ബുധനാഴ്ചയും 5 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പാണ് പണിമുടക്കിന്റെ
പേരിൽ നടത്താതിരുന്നത്. കുത്തിവയ്പ്പ് മാറ്റിവച്ച വിവരം മുൻകൂട്ടി നോട്ടീസ് ബോർഡ് വഴിയോ നേരിട്ടോ അറിയിക്കാത്തതിനാൽ ധാരാളം ആളുകളാണ് കുട്ടികളെ കൊണ്ട് വന്ന് നിരാശരായി മടങ്ങിയത്. അഞ്ച് തരം പ്രതിരോധകുത്തിവയ്പ്പുകളാണ് 5 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകിവരുന്നത്. അതിനാൽ തലേദിവസം ഒരു കാരണവശാലും കുത്തിവയ്പ്പ് നടത്താതിരിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. കുത്തിവയ്പ്പ് നടത്തുന്നില്ലെന്നുള്ള വിവരം മെഡിക്കൽ ഓഫീസറെ അറിയിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വരും ദിവസങ്ങളിൽ വിശദീകരണം തേടിയേക്കും. പണിമുടക്ക് ആയതിനാൽ ജീവനക്കാരില്ലാത്തതിനാലാണ് കുത്തിവയ്പ്പ് നടക്കാതെ പോയതെന്ന് ബന്ധപ്പെട്ട കുടുംബാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. ഓഫീസ് തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ഒ.പി പ്രവർത്തിച്ചു.