മേലൂർ: മൂന്നര വയസുകാരന് കടന്നൽ കുത്തേറ്റു. ഭയന്നു വിറച്ച കുടുംബം വീട്ടിൽ നിന്നും താമസം മാറ്റി. കലവറക്കടവിൽ പേരാപ്പാടൻ ജോസഫിന്റെ മകൻ ഇമ്മാനുവലിനെയാണ് കടന്നൽ കുത്തിയത്. ചൊവാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ പാഞ്ഞെത്തിയ കടന്നൽ കുത്തുകയായിരുന്നു. മുഖമാകെ വീർത്ത കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ജോസഫിന്റെ വീടിന് മുകളിൽ തമ്പടിച്ചിരുന്ന കടുവ കടന്നൽ എന്ന ഇനമാണ് കുട്ടിയെ ആക്രമിച്ചത്. ഏതാനും ദിവസമായി വീട്ടിൽ കൂടു കൂട്ടിയ വലിയയിനം കടന്നൽ ആക്രമിച്ചു തുടങ്ങിയപ്പോൾ ജോസഫും കുടുംബവും താത്കാലികമായി ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റിയിരുന്നു. ചാലക്കുടിയിൽ നിന്നും അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തിയെങ്കിലും പകൽനേരമായതിനാൽ കൂടെടുത്തു മാറ്റൽ അസാദ്ധ്യമായി. വന്യജീവി സംരക്ഷകൻ ഫിലിപ്പ് കൊറ്റനെല്ലൂരും എത്തി. രാത്രിയിൽ ഇവയെ പുകച്ചു പുറത്താക്കിയാൽ മതിയെന്നാണ് വീട്ടുകാർക്ക് കിട്ടിയ നിർദ്ദേശം. പഞ്ചായത്തംഗം എം.എസ് ബിജുവും സ്ഥലത്തെത്തി.