ചാലക്കുടി: തുണിസഞ്ചി നിർമ്മാണ യൂണിറ്റിലെ അംഗമായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മേലൂർ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടു പേർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. പ്രസിഡന്റ് പി.പി ബാബു, മുൻ അംഗം പോളി എന്നിവർക്കെതിയാണ് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്. കരിശ്ശേരി വീട്ടിൽ ജിന്റോയുടെ ഭാര്യ സിമിയാണ് പരാതി നൽകിയത്. ഇവർ അംഗമായ തുണിസഞ്ചി നിർമ്മാണ യൂണിറ്റിലെ പ്രതിസന്ധിയെ തുടർന്നുള്ള സംഭവങ്ങളാണ് പരാതിക്ക് ആധാരം. രണ്ടാഴ്ച മുമ്പ് സിമി ഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രയിൽ കഴിഞ്ഞിരുന്നു. തുടർന്നാണ് പ്രസിഡന്റിനെതിരെ പരാതി നൽകിയത്. എന്നാൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ അണിയറ ശ്രമമാണ് ഇതിന്റെ പിന്നിലെന്നും പ്രസിഡന്റ് പി.പി ബാബു ആരോപിച്ചു. തുണി സഞ്ചി നിർമ്മാണ യൂണിറ്റിലെ പ്രശ്‌നം ചർച്ച ചെയ്യുന്നതിന് സിമിയടക്കമുള്ള എല്ലാ അംഗങ്ങളെയും ഓഫീസിൽ വിളിച്ചുവരുത്തി ചർച്ച ചെയ്തിരുന്നു. സി.ഡി.എസ് ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. തീരുമാനങ്ങൾ അംഗീകരിച്ചാണ് ഇവർ തിരിച്ചു പോയതെന്നും പ്രസിഡന്റ് വിശദീകരിച്ചു..