puthenchira
ക്ലീൻ പുത്തൻചിറയുടെഒന്നാം ഘട്ടം പൂർത്തീകരണ പ്രഖ്യാപനവും പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ബെന്നി ബെഹനാൻ എം.പി നിർവ്വഹിക്കുന്നു

മാള: പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര മാലിന്യ നിർമാർജ്ജന പദ്ധതിയായ ക്ലീൻ പുത്തൻചിറയുടെ ഒന്നാം ഘട്ടം പൂർത്തീകരണ പ്രഖ്യാപനവും പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. വിവരശേഖരണ സർവേ നടത്തിയ പുത്തൻചിറ ജി.വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുകൾക്ക് അനുമോദനവും ഒന്നാം ഘട്ട പൂർത്തീകരണ ഉദ്‌ഘാടനവും ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ അദ്ധ്യക്ഷനായി.

ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോ- ഓഡിനേറ്റർ ടി.എസ്. ശുഭ മുഖ്യാതിഥിയായി. സർക്കാർ യു.പി സ്കൂളിലെ ശാസ്ത്ര രംഗം യൂണിറ്റിനെ വൈസ് പ്രസിഡന്റ് ബീന സുധാകരൻ അനുമോദിച്ചു. സൗജന്യ തുണി സഞ്ചി വിതരണം ഡിലൈറ്റ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഹസീസ് താനത്ത്പറമ്പിൽ നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ വി.എൻ. രാജേഷ്, പി.ഐ. നിസാർ, റോമി ബേബി, ജനപ്രതിനിധികളായ ഗീത മനോജ്, റിഫായ അക്തർ, ഷൈല പ്രകാശൻ, ഐ.എസ്. മനോജ്, പി. സൗദാമിനി, മഹേഷ് മോഹൻ, സംഗീത അനീഷ്, വാസന്തി സുബ്രഹ്മുണ്യൻ, കെ.വി. സുജിത് ലാൽ, എം.കെ. കാഞ്ചന, പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. ഹരിദാസൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സിനി അനിൽകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് റിയാസ് സ്രാമ്പിയേക്കൽ, നിഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ അംഗീകാരമുള്ള ക്യാരി ബാഗുകളുടെ പ്രദർശനവും ബോധവത്കരണവും നടന്നു.