തൃശൂർ: പെരിങ്ങോട്ടുകര മലയാളം സാംസ്‌കാരിക വേദി പുത്തൻപീടിക തോന്ന്യാപാടത്ത് 12, 13, 14 തീയതികളിൽ 'ഋഷഭയാഗം 2020' കാർഷികോത്സവം നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയകാല കാർഷിക ഉത്പന്നങ്ങളും കേരളത്തിലെ ഏറ്റവും വലിയ പോത്തിനെയും പ്രദർശിപ്പിക്കും. നൂറോളം വിവിധ സ്റ്റാളുകൾ, 101 തരം നെൽവിത്ത് പ്രദർശനം, സൗജന്യ പച്ചക്കറി വിത്ത്, ജൈവവളം, വാഴക്കന്ന്, ഔഷധസസ്യം എന്നിവയുടെ വിതരണം, നായ, ആട്, പോത്ത്, കാള, പൂച്ച എന്നിവയുടെ പ്രദർശനം, കുട്ടികൾക്കായി സൗജന്യ കുതിര, ഒട്ടകം സവാരി, ഫോട്ടോഗ്രാഫി മത്സരം എന്നിവയും ഉണ്ടാകും.

12ന് നാലിന് 'മണ്ണ്, ജലം, പരിസ്ഥിതി എങ്ങനെ നിലനിറുത്താം' സെമിനാർ നടക്കും. മെഗാ തിരുവാതിരക്കളിയും കലാപരിപാടികളും നടക്കും. 13ന് ഒമ്പതിന് മന്ത്രി വി.എസ്. സുനിൽകുമാർ കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയാകും. ടി.എൻ. പ്രതാപൻ എം.പി കർഷകരെ ആദരിക്കും. അഞ്ചിന് ചീഫ് വിപ് കെ. രാജൻ സമ്മാനദാനം നടത്തും. 14ന് അഞ്ചിന് മുരളി പെരുനെല്ലി എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് രക്ഷാധികാരി എ.യു. രഘുരാമപണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു വിജയകുമാർ, ആൻ്റോ തൊറയൻ, മലയാളം സാംസ്‌കാരിക വേദി സെക്രട്ടറി ലിന്റ വിനോദ്, ശ്യാം ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.