എരുമപ്പെട്ടി: വേലൂരിൽ അറവുമാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. ഷോബി, മെമ്പർ പ്രശാന്ത് എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മാലിന്യ നിക്ഷേപം നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. വേലൂർ തെക്കേക്കര കുരിശ് പള്ളിക്കും അംഗൻവാടിക്കും സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് യാതൊരു നിയന്ത്രണമില്ലാതെ അറവു മാലിന്യം നിക്ഷേപിക്കുന്നത്. ശനി,ഞായർ, തിങ്കൾ ദിവസങ്ങളിലാണ് കൂടുതലായും അറവുമാലിന്യം തള്ളുന്നത്. പരിസര മലിനീകരണവും ദുർഗന്ധവും കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നത് നൂറോളം കുടുംബങ്ങളാണ്. ഇറച്ചിവെട്ടുക്കാരനായ സ്ഥലം ഉടമ സ്വന്തം സ്ഥലമെന്ന അവകാശം ഉന്നയിച്ചാണ് നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ മാലിന്യം നിക്ഷേപിക്കുന്നത്. ഇതുമൂലം പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരിസരവാസികൾ പറയുന്നു. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യംകൊണ്ട് നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പ്രദേശത്തെ പഞ്ചായത്ത് മെമ്പർമാരായ ടി.ആർ. ഷോബി പ്രശാന്ത് എന്നിവർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.