തൃശൂർ: ജില്ലയിൽ വീണ്ടും ഉത്സവകാലം കൊട്ടിക്കയറുമ്പോൾ എഴുന്നെള്ളിപ്പും വെടിക്കെട്ടും സംബന്ധിച്ച നിബന്ധനകളും നിർദ്ദേശങ്ങളും ഉദ്യോഗസ്ഥ തലത്തിൽ കർശനമാക്കി. ഉത്സവ സമയങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ സ്വീകരിക്കേണ്ട സമയക്രമങ്ങളുടെ ഭാഗമായി രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിലുളള കർശന വിലക്ക് തുടരും. ആനകളെ നിരയായി നിറുത്തുമ്പോൾ മൂന്ന് മീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ ഉപയോഗിക്കണമെന്നും നാട്ടാന പരിപാലനചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി .കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കണമെന്നും ജില്ലാ വെറ്ററിനറി ഓഫീസറോട് ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശിച്ചിട്ടുണ്ട്.

ആന എഴുന്നെളളിപ്പും വെടിക്കെട്ടും ഓരോ വർഷവും പൂർവ്വാധികം പെരുമയോടെ ആഘോഷിക്കുന്നതിനിടെ 2016ൽ കൊല്ലം പുറ്റിങ്ങലിലെ വെടിക്കെട്ട് അപകടമുണ്ടായതോടെയാണ് ഇത് സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും കർശനമായത്. വെടിക്കെട്ടും എഴുന്നള്ളിപ്പുകളും നടത്തുന്നതിൽ മത്സരം മുറുകിയതും കാരണമായി. ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിന് വലിയ പ്രാധാന്യമുണ്ടെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വകുപ്പും അംഗീകരിക്കുന്നുണ്ടെങ്കിലും വെടിക്കെട്ടിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് അപകടസാദ്ധ്യതയും കൂടുമെന്നാണ് പെസോയുടെ മുന്നറിയിപ്പ്.

മറ്റ് നിർദ്ദേശങ്ങൾ:

@ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

@ആന പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബ്രീത്ത് അനലൈസർ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

ഊത്രാളി: മാഗസിൻ റൂമിനായി സ്ഥലപരിശോധന
ഊത്രാളിക്കാവ് പൂരത്തിന് സ്ഥിരമായ മാഗസിൻ റൂം നിർമ്മിക്കുന്നതിനായി ഹൈക്കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ പ്രദേശത്ത് മാഗസിൻ റൂം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന കർശനമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതേവരെ താത്കാലിക മാഗസിൻ റൂമാണ് ഊത്രാളിക്കാവിൽ ഉണ്ടായിരുന്നത്. ഇത് സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.

വിശദമായ യോഗം ഉടൻ

''മുനിസിപ്പൽ ചെയർപേഴ്‌സൻ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങിയ സമിതിയാണ് മാഗസിൻ റൂമിനായി സ്ഥലം പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുക. ഇതുമായി ബന്ധപ്പെട്ട് വിശദമായ യോഗം ഉടൻ ചേരും ''

-എസ്. ഷാനവാസ്, ജില്ലാ കളക്ടർ