ചാലക്കുടി: അഗ്‌നിബാധയിൽ പൂർണ്ണമായും നശിച്ച നഗരസഭയുടെ പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രം പൂർവസ്ഥിയിലാക്കാൻ ആറുമാസം വേണ്ടി വരുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. ഇരുപതുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഷെഡാണ് കത്തിപ്പോയത്. പുതിയ ഷെഡ്ഡ് നിർമ്മിക്കുന്നതിന് ടെണ്ടർ അടക്കമുള്ള നടപടികൾ പൂർത്തീകരിക്കാനുണ്ട്. ഇത്തരം കാര്യങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു.

രണ്ടു മെഷിനുകളും കത്തിയിരുന്നു. ഇവയ്ക്ക് പതിനഞ്ച് ലക്ഷം രൂപ വരും. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ശേഖരണം താൽക്കാലികമായി ആധുനിക പാർക്ക് നിർമ്മാണം നടക്കുന്ന ഭാഗത്തേയ്ക്ക് മാറ്റാണ് ഉദ്യേശിക്കുന്നത്. കത്തിപ്പോയ ഷെഡ് പുതുക്കി നിർമ്മിക്കുന്നതുവരെ സംഭരണം ഈ സ്ഥലത്ത് നടത്താനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

ഇതേ സമയം പരിസരത്തുള്ള ആധുനിക ക്രിമറ്റോറിയത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് ഉറപ്പായി. നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രിമിറ്റോറിയം പ്രവർത്തനത്തിന് തടസമില്ലെന്ന് അറിയിച്ചത്. ഇതു പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മൃതദേഹം സംസ്‌കരിച്ചു. തീപിടുത്തമുണ്ടായ സ്ഥലം ബി.ഡി. ദേവസി എം.എൽ.എ സന്ദർശിച്ചു. പുതിയ മെഷിനുകൾ ലഭ്യമാക്കാൻ സംസ്ഥാന ശുചിത്വ മിഷന്റെ സഹായം ആവശ്യപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിന്റെ ഭാഗമായി ഉടനെ ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തും. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

..................................

കത്തിപ്പോയത് 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഷെഡ്

രണ്ടു മെഷിനുകളും കത്തിയിരുന്നു

താൽക്കാലികമായി പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ശേഖരണം ആധുനിക പാർക്ക് നിർമ്മാണം നടക്കുന്ന ഭാഗത്തേയ്ക്ക് മാറ്റും

പരിസരത്തുള്ള ആധുനിക ക്രിമറ്റോറിയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല