ചാലക്കുടി: ബി.എം.ബി.സി ടാറിംഗ് കഴിഞ്ഞപ്പോൾ ചാലക്കുടി ആനമല റോഡിൽ പുതിയൊരു അപകടക്കെണി. റോഡിന്റെ ഇരുഭാഗത്തേയും അറ്റം പൊങ്ങിനിൽക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് വിനയായി. ടാറിംഗ് പൂർത്തീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ കൂടപ്പുഴ ഭാഗത്ത് ഇതിനകം ആറ് അപകടങ്ങൾ സംഭവിച്ചു. രണ്ടു ദിവസം മുമ്പ് റോഡരികിൽ കൈനറ്റി ഹോണ്ടയിൽ നിന്നും തെന്നി വീണ യുവതി ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. സംഭവത്തിന് തൊട്ടടുത്ത നിമിഷം നടപ്പാത സൗകര്യം കുറഞ്ഞ റോഡിലൂടെ നാല് വാഹനങ്ങൾ ചീറിപ്പായുകയും ചെയ്തു. ഏറെ തിരക്കുള്ള റോഡിൽ റോഡിന്റെ ഇത്തരം അവസ്ഥ കൂടുതൽ അപകടങ്ങൾക്ക് ഇടായാക്കുമെന്ന് നാട്ടുകാരനായ വിത്സൻ പറനിലം പറഞ്ഞു.

പഴയ റോഡിൽ നിന്നും മൂന്നിഞ്ചോളമാണ് റോഡ് ഉയർന്നു നിൽക്കുന്നത്. ഇതനുസരിച്ച് അരുഭാഗങ്ങളിലും ഇയരംകൂടി. ഈ ഭാഗത്ത് ചരിച്ച് ടാറിംഗ് നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം കോൺട്രാക്ടർ അംഗീകരിച്ചില്ല. അളവു നടത്തുമ്പോൾ ടാറിംഗിന്റെ കനം രേഖപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്‌നം. ആനമല ജംഗ്ഷൻ മുതൽ റോഡിന്റെ അഗ്രങ്ങൾ കുറേ ദൂരം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഭാഗത്തു ഇതു ചെയ്തില്ലെങ്കിൽ ഇരുചക്രവാഹന യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും.