ഇരിങ്ങാലക്കുട: ചെന്നിത്തലയ്ക്ക് കേൾക്കാൻ ആഗ്രഹമുള്ളത് താൻ പറയണമെന്ന് വിചാരിച്ചാൽ നടക്കില്ലെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻ കുമാർ. ഡി.ജി.പിയെ നിയമിക്കുന്നത് ആഭ്യന്തരമന്ത്രിയല്ലെന്ന് അദ്ദേഹം മനസിലാക്കണം. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാൾ തനിക്ക് പ്രാധാന്യം വർഗീയ ധ്രൂവീകരണവും വർഗീയ സ്പർദ്ധകളും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വഭേദഗതി നിയമത്തിന്റെ അനിവാര്യതയെക്കുറിച്ച് ഇരിങ്ങാലക്കുട ടൗൺഹാളിൽ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ ഡി.ജി.പിയായി പോസ്റ്റ് ചെയ്തത് ദുരന്തമായെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തെ നിശിതമായി വിമർശിച്ച സെൻകുമാർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതെന്ന് പരിഹസിച്ചു. സീനിയർ നേതാവ് കെ. കരുണാകരനടക്കമുള്ളവർക്ക് ചെന്നിത്തലയിൽ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ച് താൻ കൂടുതലായി ഒന്നും പറയുന്നില്ല.
അഞ്ചരക്കോടി നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നൽകി വോട്ടവകാശം ഉറപ്പിച്ച് അധികാരം മോഹിക്കുന്നവരാണ് പൗരത്വബില്ലിനെ വിമർശിക്കുന്നത്. ഇവരാരും തന്നെ ഇന്ത്യൻ ഭരണഘടനയോ, പൗരത്വനിയമമോ, ഫോറിനേഴ്‌സ് ആക്‌റ്റോ, പാസ്‌പോർട്ട് ആക്‌റ്റോ വായിച്ചിട്ടുള്ളവരല്ല, ലോകത്തിലെ എല്ലാ അഭയാർത്ഥികളേയും സ്വീകരിക്കാൻ മാത്രം ആളില്ലാത്ത രാജ്യമല്ല ഇന്ത്യ. ഇന്ത്യയിൽ ജനിച്ച ആരുടെയും പൗരത്വം റദ്ദാകില്ല. ഇതേക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതരാഷ്ട്രമായ പാകിസ്ഥാനിൽ നിന്നും പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കണമെന്ന് രാഷ്ട്രപിതാവ് മഹാത്മഗാന്ധിയും ഡോ. അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണ്. 20 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശികൾക്ക് റേഷൻ കാർഡുകൾ നൽകാൻ സംസ്ഥാന മുഖ്യമന്ത്രി പറയുന്നത് വോട്ടർമാരെ വർദ്ധിപ്പിച്ചാൽ അധികാരം നിലനിറുത്താൻ വേണ്ടിയാണെന്നും ബംഗാളിൽ ഇതാണ് കണ്ടുവരുന്നതെന്നും സെൻകുമാർ പറഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല ആമുഖ പ്രഭാഷണവും ഭാരതീയ വിചാരകേന്ദ്രം മേഖലാ സെക്രട്ടറി ഷാജി വരവൂർ മുഖ്യപ്രഭാഷണവും നടത്തി. എം. മധുസൂധനൻ സ്വാഗതവും കെ.വി. ബിജു നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ ഭാരവാഹികളായ കളരിക്കൽ രവീന്ദ്രനാഥ്, പി.എൻ. ഈശ്വരൻ, ബാലൻ പണിക്കശ്ശേരി, സി.സി. സുരേഷ്, കൃപേഷ് ചെമ്മണ്ട, മുരളീധരൻ പടിഞ്ഞാറ്റയിൽ, ശിവരാമൻ, എൻ.വി. അജയഘോഷ്, പി.കെ. ഉണ്ണികൃഷ്ണൻ, ഷീബ ശിവദാസ്, മാധുരി മുരളി, സന്തോഷ് ബോബൻ തുടങ്ങിയവർ സന്നിഹിതരായി. പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺഹാൾ പരിസരത്ത് സമാപിച്ചു.