തൃശൂർ: വനഭൂമി പട്ടയവിതരണത്തിനുള്ള അപേക്ഷകൾ ജനുവരി 14, 15, 16 തീയതികളിൽ സ്വീകരിക്കും. ഭൂമിപതിവ് ലിസ്റ്റിൽ പേരുണ്ടായിട്ടും വേണ്ടത്ര രേഖകൾ ഹാജരാക്കാത്തതിന്റെ പേരിൽ പട്ടയം ലഭിക്കാത്തവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. വില്ലേജ് ഓഫീസുകളിലാണ് അപേക്ഷകൾ സ്വീകരിക്കുക. കളക്ടറേറ്റിൽ ഗവ. ചീഫ് വിപ്പ് കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം.

ജനുവരി 14ന് കിള്ളന്നൂർ, പീച്ചി, പാണഞ്ചേരി വില്ലേജുകളിലും ജനുവരി 15ന് മാന്ദാമംഗലം വില്ലേജിലും ജനുവരി 16ന് പുത്തൂർ, മുളയം, കൈനൂർ, മാടക്കത്തറ എന്നീ വില്ലേജുകളിലുമാണ് രേഖകൾ സ്വീകരിക്കുക. ഫോറം 2, കൈമാറ്റക്കരാറുകൾ, ഭൂമി മനസ്സിലാക്കുന്നതിനുള്ള ലാൻഡ് മാർക്ക്, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സമർപ്പിക്കുന്ന സത്യവാങ്മൂലം വോട്ടേർസ് ഐഡി/ അധാർ കാർഡ്/ റേഷൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ, സംയുക്ത പരിശോധന റിപ്പോർട്ട് എന്നിവയാണ് ഹാജരാക്കേണ്ടത്.
പട്ടയ നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചെലവിന്റെയും ആവശ്യമില്ലെന്ന് കളക്ടർ അറിയിച്ചു. ഈ വിഷയത്തിൽ ചില വ്യക്തികളും സംഘടനകളും പണപ്പിരിവ് നടത്തുന്നതുമായി പരാതി ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച് ശരിയെന്ന് കണ്ടാൽ ക്രിമിനൽ കേസ് ഉൾപ്പെടെയുളള ശക്തമായി നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ വനഭൂമി പട്ടയനടപടികൾ വേഗത്തിലാക്കുന്നതിന് ആഗസ്റ്റിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. പട്ടയനടപടികൾ വേഗത്തിലാക്കുന്നതിന് 10 പ്രത്യേക ടീമുകളെ നിയോഗിക്കാനും കേന്ദ്രാനുമതി ലഭിക്കുന്നതിന് ജി.പി.എസ് കോ- ഓർഡിനേറ്ററുകളും സർവെ സ്‌കെച്ചിൽ ചേർക്കാൻ ഹാൻഡ് ജി.പി.എസ് യന്ത്രങ്ങൾ വാങ്ങാനും തീരുമാനിച്ചു. ഇതിലേക്കായി കളക്ടർ പ്രത്യേക ഫണ്ട് കണ്ടെത്തി 10 ഹാൻഡ് ജി.പി.എസ് യന്ത്രങ്ങൾ സർവെ വകുപ്പിന് ലഭ്യമാക്കി. മൂന്ന് സർവെയർമാർ അടങ്ങുന്ന 15 ടീമുകളെ സർവെ ജോലിക്കായി നിയോഗിച്ചു. ഈ ടീമുകൾ കേന്ദ്രാനുമതിക്കായി 1500 അപേക്ഷകൾ തയ്യാറാക്കി. ഈ അപേക്ഷകൾ ജനുവരിയിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.