തൃശൂർ: സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ പ്രവർത്തനം സജീവം. ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള പദ്ധതിയാണ് പുതുവർഷത്തിൽ മൂന്നാംഘട്ട പദ്ധതിയായി നടപ്പിലാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവർക്ക് മൂന്നു സെന്റ് ഭൂമി വാങ്ങുന്നതിന് പൊതുവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രണ്ടുലക്ഷം രൂപ നൽകും. പട്ടിക വർഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് രണ്ടേകാൽ ലക്ഷം രൂപയും ഭൂമി വാങ്ങുന്നതിന് നൽകും. ഒപ്പം വീട് നിർമിക്കുന്നതിന് നാല് ലക്ഷവും മൂന്നാം ഘട്ട അപേക്ഷകർക്ക് ലഭിക്കും.
പൊതുവിഭാഗത്തിൽ പെട്ടവർക്ക് ആറുലക്ഷം രൂപയും പട്ടിക വർഗത്തിൽ പെട്ടവർക്ക് ആറേകാൽ ലക്ഷവും ലഭിക്കും. ഇതല്ലാതെ സർക്കാർ കണ്ടെത്തിയ പൊതുഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ച് നൽകുകയും ചെയ്യും. ഇതിനായി 20 മേഖലകളിൽ സ്ഥലം സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
നാലാം ഘട്ടം
വാസയോഗ്യമല്ലാത്ത വീടുകൾ പുനർ നിർമ്മിക്കുന്ന പദ്ധതിയാണ് നാലാം ഘട്ടത്തിൽ ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടം പുരോഗമിക്കുന്നതിന് പിന്നാലെ ഇത്തരക്കാർക്ക് അവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. അപേക്ഷ സ്വീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയർമാരെ ഉപയോഗപ്പെടുത്തി നാശനഷ്ടം കണക്കാക്കും. ശേഷം നാശത്തിന്റെ ശതമാനതോത് കണക്കാക്കി അതിന് അനുസരിച്ച് അറ്റകുറ്റപ്പണിക്ക് തുകയും അനുവദിക്കും.
17244ൽ 13680 വീടുകളുടെ പണി പൂർത്തിയായി
ലൈഫ് മിഷൻ പ്രധാനമന്ത്രി ആവാസ് യോജന 17244 ഗുണഭോക്താക്കളിൽ 13680 വീടുകളുടെ പണി പൂർത്തിയായി. 3564 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന(നഗരം) പദ്ധതിയിൽ 7804 ഗുണഭോക്താക്കളിൽ 5660 വീടുകളുടെ പണി പൂർത്തിയായി. 2144 വീടകളുടെ പണി നടക്കുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ 1583 ഗുണഭോക്താക്കളിൽ 1490 പേരുടെ വീടുകളുടെ പണി പൂർത്തിയായി. 93 പേരുടെ വീടുപണി അവസാന ഘട്ടത്തിലാണ്.