thriprayar-temple
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം ഗോശാല ക്യഷ്ണക്ഷേത്രം പുനർനിർമ്മിക്കുന്നു

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഗോശാല കൃഷ്ണ ക്ഷേത്രം പുനർനിർമ്മിക്കുന്നു. പുനർനിർമ്മാണ പ്രഥമ കൂപ്പൺ വിതരണോദ്ഘാടനം നാളെ രാവിലെ 9.30 ന് അവിനാശി ലിംഗം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി.ആർ. കൃഷ്ണകുമാർ നിർവഹിക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ബ്രോഷർ പ്രകാശനം നിർവഹിക്കും.

അവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ വിശിഷ്ട വ്യക്തികളെ ആദരിക്കും. 2013 ആഗസ്റ്റ് 30ന് ജ്യോതിഷ പണ്ഡിതൻ പത്മനാഭ ശർമ്മയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നചിന്തയുടെ അടിസ്ഥാനത്തിലാണ് പുനർനിർമ്മാണം. പ്രശ്നചിന്തയിൽ ഗോശാലകൃഷ്ണക്ഷേത്രം നിർമ്മാണ ന്യൂനതകൾ പരിഹരിക്കാനും നിത്യനിദാനങ്ങൾ ശ്രീരാമസ്വാമിക്ക് നൽകുന്ന പോലെ വിപുലീകരിക്കാനും നിർദ്ദേശിച്ചിരുന്നുവെന്ന് ടെമ്പിൾ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ജി. നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിർദ്ദേശത്തെ തുടർന്ന് ശ്രീകോവിൽ പൂർണ്ണമായും പൊളിച്ച് കണക്കിൽ മാറ്റം വരുത്താതെ പുനർനിർമ്മിക്കാൻ ടെമ്പിൾ ഡെവലപ്മെന്റ് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നതായി ഭാരവാഹികൾ പറഞ്ഞു. പുനർനിർമ്മാണത്തിന് കൊച്ചിൻ ദേവസ്വം ബോർഡും ആർക്കിയോളജി വകുപ്പും അനുമതി നൽകിയിട്ടുണ്ട്. പുനർനിർമ്മാണത്തിന് ഏകദേശം 1.2 കോടി രൂപയോളം ചെലവ് വരും. കൂടാതെ പടിഞ്ഞാറെ നടപ്പുര റോഡ് വരെ നീട്ടാനും വലിയ ഗോപുരകവാടം നിർമ്മിക്കാനും പദ്ധതിയായിട്ടുണ്ട്. അതിനായി 2.6 കോടി രൂപ ചെലവ് വരുമെന്നും പി.ജി നായർ പറഞ്ഞു.

ടെമ്പിൾ ഡെവലപ്മെൻ്റ് കമ്മിറ്റിക്കാണ് നിർമ്മാണ മേൽനോട്ടം. കമ്മിറ്റി ഭാരവാഹികളായ യു.പി. കൃഷ്ണനുണ്ണി, പി. മാധവമേനോൻ, പി.വി. ജനാർദ്ദനൻ, സി. അയ്യപ്പൻകുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.