തൃപ്രയാർ: പഴയ സുറുമക്കാലം വീണ്ടെടുത്ത് തൃത്തല്ലൂർ യു.പി സ്കൂളിൽ ഔഷധ കൺമഷി നിർമ്മാണ പരിശീലനം. കണ്ണുകളിൽ നിന്നും സുറുമ അപ്രത്യക്ഷമാകുമ്പോഴും അത് കണ്ണിലെഴുതാൻ ആഗ്രഹിക്കുന്ന പലരുമുണ്ട്. സുറുമ തേടിയിറങ്ങുന്നവർക്ക് കിട്ടുക വിപണിയിലെ കൃത്രിമ കൺമഷിയാകും. നഷ്ടമാകുന്ന സുറുമക്കാലത്തെ വീണ്ടെടുക്കുകയെന്ന തൃത്തല്ലൂർ സ്കൂളിലെ പരിശീലനം നടന്നത്.
'ആദ്യമൊരു നീറ്റൽ, പിന്നെ കണ്ണ് അടയ്ക്കുമ്പോൾ തണുപ്പ് പടരും. കൺതുറക്കുമ്പോൾ പ്രകാശം...' മിഴികളിൽ സുറുമയെഴുതിയ തൃത്തല്ലൂരിലെ കുട്ടികൾ സ്വന്തമായി നിർമ്മിച്ച ആയുർവേദ കൺമഷിയുടെ അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ. പഴയ സുറുമയെഴുത്ത് കാലത്തേക്കുള്ള തിരിഞ്ഞ് നടത്തത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
സുറുമ നിർമ്മാണ ഉദ്ഘാടനം ദേശീയ ഔഷധ സസ്യ ബോർഡിന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. എൻ. പദ്മകമാർ നിർവഹിച്ചു. ഓയിസ്ക തൃശൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷനായി. ഗുഡ് നൈറ്റ് രാജു, ഹെഡ്മിസ്ട്രസ് സി.പി. ഷീജ, കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ, പി.വി. ശ്രീജാ മൗസമി, വി.പി. ലത, കെ.എസ്. ഷീന, എ.ബി. ബേബി, വി. ഉഷാകുമാരി, അജിത് പ്രേം പി, പി.പി. ജ്യോതി, എൻ.എസ്. നിഷ എന്നിവർ പ്രസംഗിച്ചു.
സുറുമ കരിമഷി
കണ്ണ് വികസിക്കാനും, കണ്ണിന്റെ സൗന്ദര്യം വർദ്ധിക്കാനും കണ്ണിന്റെ തിളക്കം കൂട്ടാനും കഴിയുന്ന ആയുർവേദ ഔഷധസസ്യമായ പൂച്ചാം കുറന്തലിന്റെ നീര് എടുത്ത് 7 ദിവസം കോട്ടൻ തുണിയിൽ മുക്കിയെടുത്ത് തണലത്ത് ഉണക്കി തിരിയിട്ട് പശുവിൻ നെയ്യിൽ കത്തിച്ച് മൺപാത്രം കമിഴ്ത്തി കരിയുണ്ടാക്കി നെയ്യിൽ ചാലിച്ച് ആണ് സുറുമ കൺമഷി ഉണ്ടാക്കുന്നത്.