തൃശൂർ: പൗരത്വബിൽ വിഷയത്തിൽ വീണ്ടും കൗൺസിലിൽ പ്രമേയം. എതിർപ്പുമായി ബി.ജെ.പി നടുത്തളത്തിൽ. നിയമത്തിൽ പ്രതിഷേധിച്ച ജെ.എൻ.യു. വിദ്യാർത്ഥികളെ മർദ്ദിച്ചവർക്ക് എതിരേ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചും വിദ്യാർത്ഥി സമരത്തിനു പിന്തുണ നേർന്നും കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയം. പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ അവതരിപ്പിച്ച പ്രമേയം ഭരണപക്ഷ പിന്തുണയോടെ പാസാക്കി. ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങി. പ്രമേയം തള്ളണമെന്ന് ബി.ജെ.പിയിലെ കെ. മഹേഷ് ആവശ്യപ്പെട്ടു.
സ്വരാജ് റൗണ്ടിലെ മേനാച്ചേരി കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ടു ചർച്ചയിൽ വിമർശനമുയർന്നു. ആദ്യം കെട്ടിടത്തിന്റെ തകർന്ന ഭാഗം പൊളിക്കാനായിരുന്നു തീരുമാനമെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബ ബാബു ചൂണ്ടിക്കാട്ടി.
അവിടെ നിന്നുള്ള മരസാധനങ്ങൾക്കുൾപ്പെടെ കോടിയിലധികം വിലയുണ്ടായിരുന്നുവെന്നു വി. രാവുണ്ണി പറഞ്ഞു. കെട്ടിടം പൊളിച്ചയുടനെ അവ എവിടേക്കാണ് മാറ്റിയതെന്നും ചോദിച്ചു.
നഗരത്തിലെ ഓട്ടോറിക്ഷാ പാർക്കിംഗ് സ്റ്റാൻഡുകളുടെ എണ്ണമെടുത്ത് അതുസംബന്ധിച്ച ക്രമീകരണമുണ്ടാക്കണമെന്നു തീരുമാനിച്ചു. എത്ര പേട്ടകൾ നഗരത്തിലുണ്ടെന്നതുൾപ്പെടെ കണക്കെടുക്കണമെന്നു വർഗീസ് കണ്ടംകുളത്തി ആവശ്യപ്പെട്ടു. ചിലയിടത്ത് ഓട്ടോഡ്രൈവർമാർ മറ്റുള്ളവരെ കടത്തുന്നില്ല. ചില പൊലീസുകാരുടെ ഉടമസ്ഥതയിൽ ഓടുന്ന ഓട്ടോറിക്ഷകൾ ഏകപക്ഷീയമായി നിലപാടെടുക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരിലും ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഗുണ്ടായിസമാണ് പലയിടത്തും നടക്കുന്നതെന്ന് ഫ്രാൻസിസ് ചാലിശേരി കുറ്റപ്പെടുത്തി. ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിക്കുമെന്ന് മേയർ അറിയിച്ചു.