കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ നാഡിപ്പാറയിൽ രണ്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നാഡിപ്പാറ കാഞ്ഞിരപറമ്പിൽ മുരുകൻ, ഭാര്യ അജിത എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വളർത്തുന്ന നായയിൽ നിന്നാണ് കടിയേറ്റത്. നാല് ദിവസം മുൻപ് നായയെ കുളിപ്പിക്കുന്നതിനിടെയാണ് മുരുകന് കടിയേറ്റത്. രണ്ടു ദിവസം മുൻപ് അജിതയേയും കടിച്ചപ്പോഴാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മറ്റൊരു നായയിൽ നിന്നാണ് കെട്ടിയിട്ടു വളർത്തുന്ന ഈ നായക്ക് പേവിഷബാധയേറ്റതെന്ന് വീട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മുരുകന്റെ നായ ചത്തപ്പോൾ വീട്ടുകാർക്ക് സംശയം തോന്നുകയും, വെള്ളിക്കുളങ്ങരയിലെ വെറ്ററിനറി ഡോക്ടറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് മണ്ണുത്തിയിൽ നായയെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ നിന്നാണ് പേവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. നായ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കഴിച്ച അയൽവീട്ടിലെ കോഴികളും ചത്തതായി വീട്ടുകാർ പറഞ്ഞു. സമീപ പ്രദേശമായ ഇഞ്ചക്കുണ്ടിലും പേപ്പട്ടി വളർത്തുമൃഗങ്ങളെ കിടച്ചതായി പ്രദേശവാസികൾ പറഞ്ഞു. 31ന് കോടാലി പള്ളിക്കുന്നിൽ തെരുവ് നായയുടെ കടിയേറ്റ് നാല് പേർ മെഡിക്കൽ കോളജിൽ ചികിത്ത തേടിയിരുന്നു. പഞ്ചായത്തിലെ ഒട്ടേറെ വാർഡുകളിലും തെരുവനായ് ശല്യം രൂക്ഷമാണ്.
ബോധവത്കരണ ക്ലാസും മൃഗങ്ങൾക്ക് കുത്തിവയ്പും ഇന്ന്
നാഡിപ്പാറ ജംഗ്ഷനിൽ ഇന്ന് രാവിലെ 11ന് വളർത്തു മൃഗങ്ങൾക്ക് കുത്തിവയ്പും, പ്രദേശവാസികൾക്ക് ബോധവത്കരണ ക്ലാസും നടത്തുമെന്ന് വാർഡംഗം സുബിത വിനോദ് കുമാർ അറിയിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത്, വെറ്ററിനറി സർജൻ എൽദോ എന്നിവർ സ്ഥലത്തെത്തി.