life
ബി.ഡി.ദേവസി എം.എൽ.എ അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിലെ ഉലകമ്മാളിന് താക്കോൽ കൈമാറുന്നു

ചാലക്കുടി: ലൈഫ് പദ്ധതിയിലൂടെ പട്ടികജാതി വർഗ്ഗ വിഭാവങ്ങൾക്കും പാവപ്പെട്ടവർക്കും വീടുകൾ മാത്രമല്ല ജീവിതംകൂടി നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം, അദാലത്ത് എന്നിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിൽ 266 വീടുകളാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിന് 10.64 കോടി രൂപ ചെലവു വന്നു. ഇതിന് ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സർക്കാർ എന്നിവയുടെ സഹകരണം കൂടിയുണ്ട്. ഇതിനു പുറമെ 56 ലക്ഷം രൂപയുടെ തൊഴിൽ ദിനങ്ങൾ, അമ്പത്തിയൊന്നായിരം സിമന്റ് കട്ട എന്നിവയും നൽകി. ഭവന നിർമ്മാണത്തിന് പുറമെ 83 കക്കൂസുകളും 43 കിണറുകളും നിർമ്മിച്ചു നൽകി. ബ്ലോക്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ബാബു, ഉഷ ശശിധരൻ, കുമാരി ബാലൻ, ജനീഷ് ജോസ്, തങ്കമ്മ വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എ. ഗ്രേസി, ഡെപ്യുട്ടി പ്രൊജക്ട് ഓഫീസർ പി.സി. ബാലഗോപാൽ, ബി.ഡി.ഒ.കെ. ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 15 സർക്കർ വകുപ്പുകളെ ഏകോപിച്ച് അദാലത്തും നടത്തി. തുടർന്ന് ആദിവാസി കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.