ഗുരുവായൂർ: ഗുരുവായൂരിന്റെയും ക്ഷേത്രത്തിന്റെയും സമഗ്ര വികസനത്തിനായി ഇച്ഛാശക്തിയോടെ പ്രവർത്തിച്ച നേതാവായിരുന്നു വിട പറഞ്ഞ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനായ പി.ടി. മോഹനകൃഷ്ണൻ. ഒട്ടേറെ വികസന പദ്ധതികൾക്കും നൂതന സംരഭങ്ങൾക്കും തുടക്കം കുറിക്കുകയും ജീവനക്കാർക്കും ഭക്തജനങ്ങൾക്കും ഗുണകരമായ നിരവധി ക്ഷേമ പരിപാടികൾ ആരംഭിക്കുകയും ചെയ്തത് പി.ടി. മോഹനകൃഷ്ണൻ ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ നേതൃത്വം വഹിച്ചിരുന്ന കാലയളവിലാണ്. നീണ്ട 23 വർഷക്കാലം ദേവസ്വം ഭരണസമിതി അംഗമായും ചെയർമാനായും ഗുരുവായൂരിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു മോഹനേട്ടൻ എന്ന് ഗുരുവായൂർ ക്ഷേത്ര നഗരി ഒറ്റക്കെട്ടായി വിളിച്ചിരുന്ന മോഹനകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ അത്യപൂർവമായ ജനകീയ സ്വഭാവവും ഇച്ഛാശക്തിയും നേതൃപാടവവും മോഹനേട്ടനെ ഗുരുവായൂരിന് പ്രിയപ്പെട്ടവനാക്കി.
ഭക്തർക്ക് ചെലവ് കുറഞ്ഞ നിരക്കിൽ താമസിച്ച് ക്ഷേത്ര ദർശനം നടത്തുന്നതിനായി ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളായ ശ്രീവത്സം, പാഞ്ചജന്യം, കൗസ്തുഭം എന്നിവ നിർമ്മിച്ചത് അദ്ദേഹത്തിന്റെ കാലയളവിലാണ്. ക്ഷേത്ര നഗരിയിലെ വൈദ്യുതി ദൗർബല്യം മുൻകൂട്ടി കണ്ട് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനിൽ സമ്മർദ്ദം ചെലുത്തി 110 കെ.വി. സബ് സ്‌റ്റേഷന് അനുമതി നേടിയെടുത്തു. ഒരു കാലത്ത് ക്ഷേത്രത്തിൽ ബ്രഹ്മണർക്ക് മാത്രമായിരുന്ന പ്രസാദ ഊട്ട് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും നൽകാൻ തീരുമാനിച്ചതിലൂടെ മോഹനേട്ടൻ ഭക്തരുടെ പ്രിയ നേതാവായി.
നാരായണീയത്തിന്റെ 400ാം വാർഷികത്തോട് അനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചതും മോഹനേട്ടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു. പാവപ്പെട്ടവർക്കായി ആതുര സേവന രംഗത്ത് കൂടുതൽ സൗകര്യങ്ങളോടെ ഇന്നു കാണുന്ന ദേവസ്വം മെഡിക്കൽ സെന്റർ ആരംഭിച്ചതും അദ്ദേഹമാണ്. നാരായണീയത്തിന്റെ നാനൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെയാണ് ഗുരുവായൂരിൽ കൊണ്ടുവന്നത്. രാജീവ് ഗാന്ധിയാണ് ഇന്ന് കാണുന്ന മെഡിക്കൽ സെന്റർ അന്ന് ഉദ്ഘാടനം നടത്തിയത്.
ദേവസ്വത്തിലെ ജീവനക്കാരുടെ സർവ്വീസ് കാര്യങ്ങൾക്ക് സഹായകമായ ദേവസ്വം ആക്ടും റൂൾസും നടപ്പിലാക്കിയതിന് പിന്നിൽ ശക്തമായി പ്രവർത്തിച്ചതും മോഹനേട്ടനായിരുന്നു. ദേവസ്വത്തിൽ ഏറ്റവും അധികം പേർക്ക് തൊഴിൽ ലഭിക്കുന്നതിന് സഹായിച്ചതും അദ്ദേഹമായിരുന്നു. മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കി അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന താത്പര്യം വളരെ ശ്രദ്ധേയമായിരുന്നു.
മോഹനേട്ടന്റെ കാലഘട്ടത്തിന് ശേഷം ദേവസ്വം ഭരിച്ച നിരവധി ചെയർമാൻമാർ ഉണ്ടായിരുന്നെങ്കിലും ഇന്നും ദേവസ്വം ജീവനക്കാരുടെ മനസ്സിലും ക്ഷേത്ര നഗരിയിലുള്ളവരുടെയും എത്തുന്ന ഭക്തരുടേയും മനസ്സിൽ മായാതെ നിൽക്കുന്ന മുഖം പി.ടി. മോഹനകൃഷ്ണൻ എന്ന ദേവസ്വം ചെയർമാന്റേതാണ്.