തൃശൂർ: തലയോട്ടിയിൽ തുളച്ചുകയറിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപുരയ്ക്കൽ അപ്പുവിൻ്റെ മകൻ ടി.വി. രാജേഷിൻ്റെ (34) തലയിലാണ് 3 ഇഞ്ചോളം താക്കോലിന്റെ അഗ്രഭാഗം തുളച്ച് കയറിയത്. രാജേഷിൻ്റെ കൂട്ടുകാരൻ പ്രകോപിതനായി ബൈക്കിന്റെ താക്കോൽ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. മരപ്പണിക്കാരായ രണ്ടുപേരും കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു വാക്കുതർക്കമുണ്ടായത്. അമല മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരാണ് താക്കോൽ പുറത്തെടുത്തത്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ഡോ. കെ. ഭവദാസൻ, ഡോ. സുരേഷ്‌കുമാർ, ഡോ. അഞ്ജലി, ഡോ. ജോൺ ചിറയത്ത് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.